പത്തനംതിട്ട: ശക്തമായ ത്രികോണപ്പോരാട്ടത്തിൽ തിളച്ചുമറിഞ്ഞ മണ്ഡലമാണ് പത്തനംതിട്ട. പ്രചാരണത്തിന്റെ ക്ളൈമാക്സിൽ ആര് ജയിക്കുമെന്ന പ്രവചനത്തിനും സ്ഥാനമുണ്ടായിരുന്നില്ല. പക്ഷെ, സൗമ്യഭാവം കൊണ്ട് വോട്ടർമാർക്കിടയിൽ ശാന്തമായി പ്രചാരണം നടത്തിയ ആന്റോ ആന്റണി തുടർച്ചയായി മൂന്നാം തവണയും ജയിച്ചു കയറി. ഹാട്രിക് ജയത്തിൽ നാൽപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി ആന്റോ ആന്റണി അജയ്യനായി. ശബരിമല വിഷയത്തിൽ എൻ.ഡി.എ ഉയർത്തിയ വെല്ലുവിളികളെ മറികടക്കാനാകുമെന്ന് ആന്റോ ആന്റണിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നതിനാൽ സമാധാനകാംഷികളായ ഹിന്ദുക്കളുടെ വോട്ടും തനിക്കു ലഭിക്കുമെന്ന് ആന്റോആന്റണി ഉറപ്പു പറഞ്ഞിരുന്നു. രാഹുൽഗാന്ധിയുടെ പത്തനംതിട്ട സന്ദർശനവും യു.ഡി.എഫിനെ തുണച്ചതായി വിലയിരുത്തപ്പെടുന്നു. കേന്ദ്രത്തിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന ആശങ്ക മതന്യൂനപക്ഷങ്ങൾക്കിടെയിൽ യു.ഡി.എഫിന് അനുകൂല ധ്രുവീകരണത്തിനും വഴിതെളിച്ചു.
വോട്ടെണ്ണലിൽ തുടക്കത്തിൽ പിന്നോട്ടു വലിഞ്ഞ് പിന്നീട് കുതിച്ചു കയറിയ ആന്റോ ഒരിക്കൽപ്പോലും തിരിഞ്ഞുനോക്കിയില്ല. സ്ഥിരതയാർന്ന മുന്നേറ്റത്തോടെയാണ് ആന്റോ ജയിച്ചുകയറിയത്. ഒാരോ റൗണ്ടിലും തൊട്ടടുത്ത എതിരാളിയെ നിശ്ചിത അകലത്തിൽ പിന്നിൽ നിർത്തിയായിരുന്നു ആന്റോ ലീഡ് ഉയർത്തിയത്. ആകെ പോൾ ചെയ്തതിന്റെ അൻപത് ശതമാനമായ അഞ്ച് ലക്ഷം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ആന്റോആന്റണിയുടെ ലീഡ് മുപ്പതിനായിരം കടന്നു. രണ്ട് ലക്ഷത്തിലേറെ വോട്ടുകൾ നേടുകയും ചെയ്തു. 79ശതമാനം വോട്ടുകൾ എണ്ണിത്തീർന്നപ്പോഴേക്കും മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾ യു.ഡി.എഫ് പെട്ടിയിലാക്കി.