പത്തനംതിട്ട: ആദ്യറൗണ്ടുമുതൽ അനായാസമായിരുന്നില്ല ആന്റാേ ആന്റണിയുടെ മുന്നേറ്റം. ശക്തമായ പോരാട്ടത്തിലൂടെ ആന്റോ ആന്റണിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ എൽ.ഡി.എഫിനും വീണാജോർജിനും കഴിഞ്ഞു. പ്രചാരണത്തിനിടെയിലെ സർവേകളിൽ വീണാജോർജ് മൂന്നാം സ്ഥാനത്താകുമെന്നായിരുന്നു പ്രവചനം. എന്നിട്ടും വിജയപ്രതീക്ഷയോടെ ചിട്ടയായ പ്രവർത്തനങ്ങളുമായി എൽ.ഡി.എഫ് മുന്നോട്ടുപോയി. സർവേഫലങ്ങളെയും എക്സിറ്റ്പോളുകളെയും പൊളിച്ചുകൊണ്ടാണ് വീണാജോർജ്, ആന്റോ ആന്റണിക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ വീണാജോർജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കളത്തിലിറങ്ങിയതാണ് എൽ.ഡി.എഫ്. നാല് റൗണ്ട് വരെ മണ്ഡല പര്യടനം നടത്തി. ആറൻമുള മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ മാതൃയാക്കി പ്രചാരണം കടുപ്പിച്ചു. സ്ഥാനാർത്ഥിയുടെ സ്വീകരണകേന്ദ്രങ്ങളിൽ യുവാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തം എൽ.ഡി.എഫ് മുന്നേറ്റമുണ്ടാക്കുമെന്ന് സൂചന നൽകിയിരുന്നു. യു.ഡി.എഫിലും എൻ.ഡി.എയിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുണ്ടാക്കിയ ആശയക്കുഴപ്പം മുതലാക്കാനും ആദ്യഘട്ടത്തിൽ കഴിഞ്ഞു. എന്നാൽ, യു.ഡി.എഫ് ആന്റോ ആന്റണിയെയും എൻ.ഡി.എ കെ.സുരേന്ദ്രനെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചതോടെ മണ്ഡലം ത്രികോണപ്പോരിൽ ഇളകിമറിഞ്ഞു.