തിരുവല്ല: ഹാട്രിക് വിജയത്തിന്റെ തിളക്കത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് ഇത്തവണ തിരുവല്ല നിയോജകമണ്ഡലത്തിൽ പതിനായിരത്തോളം വോട്ടുകളുടെ കുറവുണ്ടായി. അതേസമയം എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കും വോട്ടുകൾ ഗണ്യമായി വർദ്ധിച്ചു. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്ന് യു.ഡി.എഫിലെ ആന്റോ ആന്റണി 13281 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നാൽ ഇത്തവണ 3739 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ ലഭിച്ചുള്ളൂ. ഇക്കാലയളവിൽ എൽ.ഡി.എഫിന് എണ്ണായിരത്തോളം വോട്ടുകൾ കൂടിയപ്പോൾ. എൻ.ഡി.എയുടെ വോട്ട് ഇരട്ടിയിലധികമായി വർദ്ധിച്ചു. 2014ൽ 55,701 വോട്ടുകൾ നേടിയ ആന്റോ ആന്റണിക്ക് ഇത്തവണ 54,250 വോട്ടുകളാണ് മണ്ഡലത്തിൽ നിന്ന് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഫിലിപ്പോസ് തോമസിന് 2014ൽ 42,420 വോട്ടുകൾ ലഭിച്ചപ്പോൾ ഇക്കുറി വീണാ ജോർജിന് 50,511 വോട്ടുകളായി വർദ്ധിപ്പിച്ചു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന എം.ടി രമേഷിന് 19,526 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇത്തവണ കെ. സുരേന്ദ്രന് മണ്ഡലത്തിൽ നിന്ന് ഇരട്ടിയിലധികം വോട്ടുകൾ ലഭിച്ചു. സുരേന്ദ്രന് 40,186 വോട്ടുകളാണ് ലഭിച്ചത്. പോളിംഗ് ശതമാനം വർദ്ധിച്ചപ്പോഴും വോട്ടുകൾ കൂടുതൽ നേടാനായത് എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കും മാത്രമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എൻ.ഡി.എയ്ക്ക് മാത്രമാണ് കൂടുതൽ വോട്ടുകൾ നേടാനായത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച മാത്യു ടി. തോമസ് 59660 വോട്ടുകളാണ് നേടിയിരുന്നു. 51398 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് എം പുതുശേരി നേടിയത്. മൂന്നാംസ്ഥാനത്ത് ഉണ്ടായിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി അക്കീരമൺ കാളിദാസ ഭട്ടതിരി 31,439 വോട്ടുകൾ നേടിയിരുന്നു. ഇതുപ്രകാരം 8747 വോട്ടുകൾ ഇത്തവണ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ അധികമായി നേടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിടക്കം 184 ബൂത്തുകളാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ബൂത്തുകളുടെ എണ്ണം 208 ആയി വർദ്ധിച്ചിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത്തവണ 70.82 ശതമാനമായിരുന്നു പോളിംഗ്. എന്നാൽ 2014ൽ 62.3 ആയിരുന്നു പോളിംഗ് ശതമാനം.