പത്തനംതിട്ട: വോട്ടെണ്ണലിന്റെ തുടക്കത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ലീഡ് നേടി ഞെട്ടിച്ചു. അടൂർ മണ്ഡലത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴായിരുന്നു സുരേന്ദ്രന്റെ മുന്നേറ്റം. വോട്ടെണ്ണൽ ഒരു ശതമാനം എത്താറായപ്പോൾ ആന്റോ ആന്റണി 637 വോട്ടുകളുടെ ലീഡ് നേടിയപ്പോൾ സുരേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്. ആന്റോആന്റണി 4063, കെ.സുരേന്ദ്രൻ 3426, വീണാജോർജ് 2912 എന്നിങ്ങനെയായിരുന്നു വോട്ടു നില. എൻ.ഡി.എ ക്യാമ്പുകളിൽ ഇത് ആത്മവിശ്വാസമുയർത്തിയിരുന്നു. വോട്ടെണ്ണൽ ഒരു ശതമാനം കടന്നതോടെ സുരേന്ദ്രൻ 682 വോട്ടുകൾക്കു മുന്നിലെത്തി. സുരേന്ദ്രൻ 7760, ആന്റോ ആന്റണി 7078, വീണാജോർജ് 6228 എന്നിങ്ങനെ വോട്ടുകൾ നേടി. വോട്ടെണ്ണൽ എട്ട് ശതമാനം കടന്നപ്പാേൾ ആന്റോ ആന്റണി മുന്നിലെത്തി. സുരേന്ദ്രൻ രണ്ടാമത് തുടർന്നു. ഒൻപത് ശതമാനം കടന്നപ്പോൾ സുരേന്ദ്രനെ പിന്തളളി വീണാജോർജ് മുന്നിലെത്തി. തുടർന്ന് ആന്റോയും വീണാജോർജും തമ്മിലായി മത്സരം തിരിഞ്ഞു. ഭൂരിപക്ഷത്തിലെ ഏറ്റക്കുറച്ചിലോടെ അവസാന റൗണ്ട് വരെയും ആന്റോ ലീഡ് തുടർന്നപ്പോൾ വീണാ രണ്ടാം സ്ഥാനത്ത് നിലനിന്നു.