ചെങ്ങന്നൂർ: 2016 ലെയും18 ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ നഷ്ടപ്പെട്ട ആധിപത്യം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് തിരികെ പ്പിടിച്ചത് യു.ഡി.എഫിന് ഇരട്ടി മധുരമായി. മണ്ഡലത്തിൽ 61242 വോട്ടുകൾ യു.ഡി.എഫ് നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയത്തിന് 51403 വോട്ടാണ് ലഭിച്ചത്. 2014ൽ മണ്ഡലത്തിൽ 7818 ആയിരുന്നു ഭൂരിപക്ഷം. ഇക്കുറി 9839 വോട്ടായി വർദ്ധിപ്പിച്ചു. 2011 ൽ പി സി.വിഷ്ണുനാഥ്, അഡ്വ.സി.എസ് സുജാതക്കു മേൽ നേടിയിരുന്ന 12521 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഇത് 2016ൽ ഇടതുമുന്നണിയിലെ അഡ്വ.കെ.കെ.രാമചന്ദ്രൻ നായരിലൂടെ തകർത്ത് 7383 ന്റെ നേട്ടം കൈവരിച്ചു.

കഴിഞ്ഞ വർഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ സജിചെറിയാൻ ഈ ഭൂരിപക്ഷം 20956 ആയി കുത്തനെ ഉയർത്തിയതോടെ നിയോജകമണ്ഡലം എൽ.ഡി.എഫിന്റെ കുത്തകമണ്ഡലമായി ഇടതുപക്ഷം കരുതി. എന്നാൽ ഒരു വർഷത്തിനുള്ളിൽ തന്നെ അതിനെ മറികടന്ന് മുപ്പതിനായിരത്തോളം മുന്നേറാനായത് ഇടതുപാളയത്തെ ഞെട്ടിച്ചു. .ബി ജെ പി ക്ക് കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടുകൾ ഇക്കുറി നേടാനായില്ലെന്നതും ശ്രദ്ധേയമാണ്. 2011 ൽ ബി.രാധാകൃഷ്ണമേനോൻ 6057, 2014ൽ അഡ്വ.പി.സുധീർ 15716, 2016 ലും 2018 ലും അഡ്വ.പി.എസ്.ശ്രീധരൻ പിള്ള യഥാക്രമം 42682, 35270 എന്നിങ്ങനെയായിരുന്നു വോട്ടുകൾ നേടിയത്. ഇക്കുറി എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി തഴവാ സഹദേവന് 24854 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 826 വോട്ടുമായി നോട്ട ചെങ്ങന്നൂരിൽ നാലാം സ്ഥാനത്തെത്തി.