perumpetty-fire
തീവെയ്പ്പിൽ ഭാഗികമായി നശിച്ച സമരപന്തൽ

മല്ലപ്പള്ളി: പൊന്തൻപുഴ സമരസമിതിയുടെ പെരുമ്പെട്ടിയിലെ സമരപന്തൽ തീവെച്ച് നശിപ്പിക്കാൻ ശ്രമം. പെരുമ്പെട്ടി വില്ലേജ് ഓഫീസിനു മുമ്പിലുള്ള പന്തലിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ഒരു വർഷം മുമ്പ് ആരംഭിച്ച സമരപന്തലിന് നേരേ ഇതിനുമുമ്പും ആക്രമണം ഉണ്ടായിട്ടുണ്ട്. അന്ന് ബാനർ നശിപ്പിച്ചതിന് എതിരെ പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ഇന്നലെ പുലർച്ചെ പെരുമ്പെട്ടിയിലെത്തിയ സമരസമിതി പ്രവർത്തകനാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ തീകെടുത്താൻ കഴിഞ്ഞതിനാൽ പന്തലിന് ഭാഗികമായേ നാശം സംഭവിച്ചുള്ളൂ. സമര സമിതി അടിയന്തര യോഗം ചേർന്ന് പ്രതിഷേധം രേഖപ്പെടുത്തി. പെരുമ്പെട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.