വികസനപ്രവർത്തനങ്ങൾ തുടരും
പത്തനംതിട്ട: പാർലമെന്റ് തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം വട്ടവും ആന്റോ ആന്റണിയിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് പത്തനംതിട്ട. തിരഞ്ഞെടുപ്പിനെക്കുറിച്ചും പത്തനംതിട്ടയ്ക്കുവേണ്ടി ഇനിയും ചെയ്യാനുളള കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
? പത്തനംതിട്ടയുടെ വികസനം എങ്ങനെ ലക്ഷ്യമിടുന്നു.
= വികസനത്തിനു തന്നെ പ്രാധാന്യം നൽകും. റോഡുകളുടെ വികസനത്തിനും പുതിയ ദേശീയ പാതകളുടെ നിർമാണത്തിനുമാണ് ആദ്യ പരിഗണന.
മണ്ഡലത്തിലൂടെ നാല് ദേശീയ പാതകൾക്കു നിർദേശമുണ്ട്. 183, 183 എ ദേശീയപാതകൾ നിർമാണം തുടങ്ങി. കടമ്പനാട് നിന്ന് തുടങ്ങുന്ന ദേശീയപാതയുടെ നിർമാണം ഉടൻ പൂർത്തിയാക്കും. ഇതിനു പ്ലാപ്പള്ളിയിൽ നിന്ന് പമ്പയിലേക്ക് ലിങ്ക് ഹൈവേ നിർദേശമുണ്ട്. പ്രാഥമിക ജോലികൾ പൂർത്തീകരിച്ചു. നാലുവരിപ്പാതയ്ക്കാണ് നിർദേശം. എന്നാൽ പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിച്ചായിരിക്കും നിർമാണം. മുണ്ടക്കയം അടക്കം പ്രധാന ജംഗ്ഷനുകളിൽ ബൈപാസുകളാണ് നിർദേശിച്ചിരിക്കുന്നത്.
ആലപ്പുഴ - കൊടൈക്കനാൽ ഹൈവേ മണ്ഡലത്തിലെ കറുകച്ചാൽ മുതൽ പതിന്നാലാം മൈൽ വരെയുളള ഭാഗത്തുകൂടിയാണ് കടന്നപോകുന്നത്. പുതിയ പളനി - ശബരി ഹൈവേയ്ക്കും അനുമതി ലഭിച്ചു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരം ഗ്രാമീണ റോഡുകൾ മനോഹരമാക്കും. അഞ്ച് വർഷത്തെ ഗ്യാരണ്ടിയിലായിരിക്കും നിർമാണം. ഇതോടെ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും.
പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയം നിർമാണം ഉടൻ പൂർത്തിയാക്കും. ടെൻഡർ നടപടികൾ പൂർത്തിയായി വരുന്നു.
? റെയിൽവേ വികസനം സാദ്ധ്യമാകുമോ.
= ശബരി റെയിൽപ്പാത നിർമാണത്തിന്റെ പ്രതിസന്ധി നീങ്ങിയിട്ടുണ്ട്. പദ്ധതി ചെലവിനുളള മുഴുവൻ തുകയും കേന്ദ്രസർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ സമ്മർദ്ദം ചെലുത്തും. പാത എരുമേലിയിൽ അവസാനിപ്പിക്കാതെ റാന്നി, പത്തനംതിട്ട, കോന്നി വഴി പുനലൂർ വരെ നീട്ടാൻ സമ്മർദമുണ്ടാകും. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു സമാന്തരപാത കൂടി എന്നതാകണം പദ്ധതി.
തിരുവല്ല റെയിൽവേ സ്റ്റേഷന്റെ അനുബന്ധ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കും. നിർമാണത്തിലിരിക്കുന്ന എക്‌സകലേറ്റർ പൂർത്തീകരിക്കും. പ്ലാറ്റ് ഫോമുകളുടെ റൂഫിംഗ് സംബന്ധിച്ച് പദ്ധതി നൽകിയിരുന്നു. എന്നാൽ റെയിൽവേ സ്വന്തം നിലയിൽ ഇതു നടത്താമെന്ന് അറിയിച്ചതിനാലാണ് എക്‌സകലേറ്റർ നിർമാണത്തിന് ഫണ്ട് നൽകിയത്. പ്രധാനപ്പെട്ട എല്ലാ ട്രെയിനുകൾക്കും തിരുവല്ലയിൽ സ്റ്റോപ്പുണ്ട്. യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേക ശ്രദ്ധ നൽകും.
? റബർ കർഷകരുടെ പ്രശ്നങ്ങൾ....
=റബർ കർഷകരുടെ കാര്യത്തിൽ കഴിഞ്ഞ അഞ്ച് വർഷവും കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു സഹായവും ലഭിച്ചില്ല. പ്രശ്നം പരിഹരിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തും. മറ്റു കർഷകരുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
? ഹാട്രിക് വിജയം,എങ്കിലും ഭൂരിപക്ഷം കുറയാൻ കാരണം.
= പത്തനംതിട്ടയിൽ ഇത്തവണ നടന്നത് രാഷ്‌ട്രീയ പോരാട്ടമായിരുന്നില്ല എന്നതാണ് പ്രധാന കാര്യം. മറ്റു മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായ മത്സരമാണ് ഇവിടെ നടന്നത്. ശബരിമലയുടെ പേരിൽ ആളുകളെ വർഗീയമായി ചേരിതിരിക്കാൻ വലിയ ശ്രമം നടന്നു. വർഗീയമായി വേർതിരിച്ചാണ് വോട്ട് അഭ്യർത്ഥന പോലും നടന്നത്. സ്ത്രീകളെയും പുരുഷൻമാരെയും വേർതിരിച്ച് വോട്ട്പിടിക്കാനും ശ്രമമുണ്ടായി. മറ്റു ജില്ലകളിൽ നിന്ന് ആളുകളെ ഇറക്കി. തെറ്റിദ്ധാരണ പരത്തിയ പ്രചരണങ്ങളിൽ ചിലർ വീണുപോയിട്ടുണ്ട്. രാഷ്ടീയ പോരാട്ടമായിരുന്നു നടന്നതെങ്കിൽ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിലും വർദ്ധിക്കുമായിരുന്നു.
ഭൂരിപക്ഷം കുറഞ്ഞതിന്റെ മറ്റൊരു കാരണം വോട്ടർപട്ടികയിൽ നിന്ന് എഴുപതിനായിരത്തോളം പേരുകൾ നീക്കിയതാണ്. 2016നിയമസഭയിൽ വോട്ടു ചെയ്ത പലർക്കും ഇത്തവണ പാർലമെന്റിലേക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞില്ല. പേരും വിലാസവും പിതാവിന്റെ പേരും ഒന്നായ ഒന്നിലേറെ വോട്ടർ തിരിച്ചറിയൽ കാർഡിറങ്ങി. പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല. ചുമത്രയിൽ കളളവോട്ട് നടന്നതിന് പരാതി കൊടുത്തിട്ടും നടപടിയെടുത്തില്ല. ഇക്കാര്യങ്ങൾ ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണം.
? ശബരിമല വിഷയം എങ്ങനെ ബാധിച്ചു.
= വിശ്വാസികളുടെ പ്രശ്നങ്ങളെ യു.ഡി.എഫ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചിട്ടില്ല. വിശ്വാസികളെ വേദനിപ്പിക്കുന്ന ഒരു നടപടിയും പാടില്ലെന്ന മുൻ യു.ഡി.എഫ് സർക്കാരിന്റെ നിലപാടാണ് ഇപ്പോഴും തുടരുന്നത്. ശബരിമല വിഷയത്തിൽ ലാഭമുണ്ടാക്കാൻ ശ്രമിച്ചവരുണ്ട്. അങ്ങനെ കളിച്ചവർക്കൊപ്പം ജനം നിന്നില്ല.
? കെ.സുരേന്ദ്രനിലൂടെ ബി.ജെ.പി ഒന്നര ലക്ഷത്തിലേറെ വോട്ടുകൾ വർദ്ധിപ്പിച്ചതിനെ എങ്ങനെ കാണുന്നു.
= ശബരിമല ഉപയോഗിച്ചുളള പ്രചാരണത്തിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയിട്ടുണ്ടാകാം. പക്ഷെ, അവർക്ക് വോട്ടർമാരോട് ശബരിമലയല്ലാതെ അഞ്ച് വർഷത്തെ വികസന കാര്യങ്ങൾ പറയാനുണ്ടായിരുന്നില്ല. ഒാരോ ജനവിഭാഗത്തിനും എന്തൊക്കെ ചെയ്തുവെന്ന് ബി.ജെ.പിക്ക് ഒന്നും നിരത്താനില്ലായിരുന്നു. അതുകൊണ്ടാണ് അവർ ശബരിമല ഉപയോഗിച്ച് വർഗീയ പ്രചരണം നടത്തിയത്. പക്ഷേ, കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം അവരെ തളളിക്കളഞ്ഞു.
? അടൂരിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടാൻ കാരണം.
= പല തരത്തിൽ നടന്ന വർഗീയ പ്രചരണങ്ങളും വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിനീക്കിയതുമാണ് അടൂരിൽ വോട്ടു കുറയാൻ കാരണം. മുപ്പതിനായിരത്തോളം പേരുകളാണ് അവിടെ വെട്ടിയത്.
? സംഘടനാപരമായ വീഴ്ചകളുണ്ടോ.
യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതുമാത്രമാണ് ചെറിയ വീഴ്ചയായി പറയാനുളളത്.