പത്തനംതിട്ട: ലോകസഭ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫും രണ്ടാംസ്ഥാനത്തെത്തിയ എൽ.ഡി.എഫും വോട്ട് ശതമാനത്തിൽ താഴേക്കു പോയി. ബി.ജെ.പി വോട്ടുകളിൽ 13 ശതമാനത്തിന്റെ വർദ്ധനയുണ്ട്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിന് അഞ്ചു ശതമാനത്തിന്റെയും എൽ.ഡി.എഫിന് മൂന്നു ശതമാനത്തിന്റെയും കുറവാണുള്ളത്. മണ്ഡലത്തിലെ പോളിംഗ് ശതമാനത്തിലുണ്ടായ വർദ്ധനയ്ക്ക് ആനുപാതികമായി വോട്ട് വർദ്ധിപ്പിക്കാൻ ഇടത്,വലത് മുന്നണികൾക്ക് കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേടിയ വോട്ടിനേക്കാൾ നേരിയ വർദ്ധന മുന്നണികൾക്ക് ലഭിക്കുകയും ചെയ്തു.
ഇത്തവണ 13,78,587 വോട്ടുകളിൽ 10,22,763 വോട്ടുകൾ പോൾ ചെയ്തു. യു.ഡി.എഫിലെ ആന്റോ ആന്റണിക്കു ലഭിച്ചത് 3,80,927 വോട്ടാണ്. 37.24 ശതമാനം. വീണാ ജോർജ് 3,36,684 വോട്ട് നേടിയപ്പോൾ 32.91ശതമാനം. ബി.ജെ.പി 2,97,396 വോട്ടു നേടി. ശതമാനം 29.07.
2014ൽ 8,52,914 വോട്ട് പോൾ ചെയ്തപ്പോൾ യു.ഡി.എഫ് നേടിയത് 3,58,842 വോട്ടാണ്. ശതമാനം 42.07. എൽ.ഡി.എഫിന് 3,02,651 വോട്ട് ലഭിച്ചു. ശതമാനം 35.48. ബി.ജെ.പിക്ക് 1,38,954 വോട്ട് ലഭിച്ചപ്പോൾ ശതമാനം 16.29.
വോട്ടിംഗ് ശതമാനത്തിൽ ഏറ്റവുമധികം നഷ്ടം യു.ഡി.എഫിനു തന്നെ. ബി.ജെ.പി വോട്ടിൽ ഇരട്ടിയോളം വർദ്ധനയാണുള്ളത്. പോളിംഗ് ശതമാനത്തിലെ വർദ്ധന ഗുണകരമായത് ബി.ജെ.പിക്കാണ്. 2014ൽ 66.02 ശതമാനം മാത്രമായിരുന്നു മണ്ഡലത്തിലെ പോളിംഗ് എങ്കിൽ ഇത്തവണ ഇത് 74.19 ആയി വർദ്ധിച്ചു. എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ വോട്ടുകളിൽ വർദ്ധന പ്രകടമാണെങ്കിലും പോളിംഗ് ശതമാനത്തിന് ആനുപാതികമായ വർദ്ധനയുണ്ടായില്ല.
2016 നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലുൾപ്പെടുന്ന ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ നിന്നായി യു.ഡി.എഫ് 3,64,728 വോട്ടും എൽ.ഡി.എഫ് 3,67,928 വോട്ടും നേടിയിരുന്നു. എൻ.ഡി.എ നേടിയത് 1,91,656 വോട്ടാണ്.
....
വോട്ട് ശതമാനം
2019
യു.ഡി.എഫ് 37.24
എൽ.ഡി.എഫ് 32.91
എൻ.ഡി.എ 29.07
.....
2014
യു.ഡി.എഫ് 42.07
എൽ.ഡി.എഫ് 35.48
എൻ.ഡി.എ 16.29