തിരുവല്ല : നിയമസഭാ മണ്ഡലത്തിൽ പതിനായിരത്തോളം വോട്ടുകളുടെ കുറവുണ്ടായിട്ടും ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലും യു.ഡി.എഫിനാണ് മേൽക്കൈ. മൂന്ന് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മുന്നേറിയപ്പോൾ കുറ്റൂർ പഞ്ചായത്തിൽ ബി.ജെ.പി മുന്നിലെത്തി. കല്ലൂപ്പാറ (954) , ആനിക്കാട് ( 953) , മല്ലപ്പള്ളി (1484 ), പുറമറ്റം (318) , പെരിങ്ങര (91) , കടപ്ര ( 85), നിരണം ( 699) എന്നീ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ലീഡ് നേടിയത്. തിരുവല്ല നഗരസഭയിൽ 1121 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. കുന്നന്താനം (97) , കവിയൂർ (168), നെടുമ്പ്രം (356) എന്നീ പഞ്ചായത്തുകളിലാണ് എൽ.ഡി.എഫിന് ലീഡ് ലഭിച്ചത്. നെ‌ടുമ്പ്രം പഞ്ചായത്ത് ഭരിക്കുന്നത് ബി.ജെ.പിയാണ്. കുറ്റൂർ പഞ്ചായത്തിൽ 300 വോട്ടുകളുടെ ഭൂരിപക്ഷം ബി.ജെ.പിക്ക് ലഭിച്ചു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ എൽ.ഡി.എഫും ബി.ജെ.പിയും തിരുവല്ല നിയോജക മണ്ഡലത്തിൽ വോട്ട് വർദ്ധന നേടിയപ്പോൾ യു.ഡി.എഫിന് 1451 വോട്ടുകൾ കുറഞ്ഞു. കുന്നന്താനം, കവിയൂർ, പുറമറ്റം, പെരിങ്ങര, നെടുമ്പ്രം, കുറ്റൂർ, നിരണം എന്നീ പഞ്ചായത്തുകളിലും നഗരസഭയിലുമാണ് യു.ഡി.എഫിന്റെ വോട്ടിൽ കുറവുണ്ടായത്. നിരണം പഞ്ചായത്തിൽ മാത്രമാണ് എൽ.ഡി.എഫിന് നഷ്ടമുണ്ടായത്. പഞ്ചായത്തുകളിലും നഗരസഭയിലും ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനത്തിൽ വർദ്ധനവ് ഉണ്ടായി. എൽ.ഡി.എഫിന് കാര്യമായ വോട്ട് ചോർച്ച ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.