മല്ലപ്പള്ളി: ആങ്ങമുഴിയുടെ വികസന ശിൽപ്പി അന്തരിച്ച ഫാ.ഫീലിപ്പോസ് നടമല അച്ചന് ജന്മഗ്രാമമായ മല്ലപ്പള്ളി വിടചൊല്ലി. ജില്ലയുടെ കിഴക്കൻ പ്രദേശമായ ആങ്ങമൂഴിയിൽ വികസനമെത്താത്ത കാലത്ത് വൈദീകവൃത്തിക്കായി എത്തിയ മല്ലപ്പള്ളി മേക്കരിങ്ങാട്ട് കുടുബാംഗമായ ഫിലിപ്പോസ് അച്ചൻ ആത്മീയ പ്രവർത്തിനൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കാൻ കാലങ്ങളോളം യത്നിച്ചിരുന്നു. 1934ൽ മല്ലപ്പള്ളിയിലെ മേക്കരിങ്ങാട്ടു കുടുംബത്തിലാണ് അച്ചൻ ജനിച്ചത്. വാഗമൺ കുരിശുമല ആശ്രമത്തിൽ നിന്നും പുരോഹിതനായി നിയമിതനായാണ് ആങ്ങമൂഴിയിലെ ചായൽപടി ആശ്രമത്തിൽ നടമലയച്ചൻ എത്തുന്നത്. ഇവിടേക്ക് വൈദ്യുതിയും, റോഡും, വാർത്താവിനിമയ സൗകര്യവും ഒരുക്കുന്നതിന് മുന്നിൽ നിന്നു പ്രവർത്തിച്ചു. നിലയ്ക്കൽ പള്ളിയുടെ പുന:രുദ്ധാരണം ജനങ്ങളുടെ നാനാവിധ ആവശ്യങ്ങൾക്ക് മുമ്പിൽ അച്ചൻ എന്നും മുന്നിലുണ്ടായിരുന്നു. കൂടാതെ പ്രദേശവാസികളും പൊലീസും തമ്മിൽ പതിവായി ഉണ്ടാകാറുള്ള തർക്കങ്ങൾക്ക് അച്ചന്റെ നിർദ്ദേശങ്ങൾ പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു. അന്നുണ്ടാക്കിയ ധാരണ പ്രകാരം എല്ലാ ദിവസവും വൈകിട്ട് 6.30ന് ആങ്ങമൂഴി ജംഗ്ഷനിൽ നിന്നും ആളുകൾ അവരവരുടെ വീടുകളിലേക്ക് മടങ്ങണമെന്നും അതിനായി കൃത്യ സമയത്ത് പള്ളിയിൽമണി മുഴക്കുമെന്നുമായിരുന്നു വ്യവസ്ഥ.ഇതിന്റെ ഓർമയ്ക്കായി ഇപ്പോഴും ചായൽപടി ആശ്രമത്തിൽ മണി മുഴങ്ങുന്നുണ്ട്. ആങ്ങമൂഴിയിലെ അമ്പലത്തിലും ഇസ്ലാം പള്ളിയിലും അച്ചൻ പോകുമായിരുന്നു. ജാതി മത ചിന്തകൾക്കതീതമായി എല്ലാവരെയും സ്നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അച്ചനെന്ന് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമ്മിസ് മല്ലപ്പള്ളിയിൽ നടന്ന വിടവാങ്ങൽ ചടങ്ങിൽ പറഞ്ഞു. മല്ലപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തിച്ച ഭൗതികശരീരം പിന്നീട് ഇടവകപള്ളിയായ മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് മലങ്കര കാത്തോലിക്കാ ദേവാലയത്തിൽ പൊതുദർശനത്തിന് വെച്ചു. എം.എൽ.എ മാത്യു ടി തോമസ്, ജോസഫ് എം പുതുശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുകോശിപോൾ, എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, ഫാ. ഐസക് പറപ്പള്ളിൽ, ഫാ.രഞ്ചിത് ആലുങ്കൽ, എബി മേക്കരിങ്ങാട്ട്, എം.ജെ മാത്യു തുടങ്ങിയവർ അനുശോചനം അറിയിച്ചു. തുടർന്ന് ഇന്നലെ വൈകുന്നേരം ആങ്ങമൂഴി ചായൽപള്ളി ആശ്രമ പരിസരത്ത് സംസ്ക്കരിച്ചു.