കോന്നി: ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ കോന്നിയിൽ സ്ഥാനാർത്ഥി ചർച്ചകളും തുടങ്ങി. അടൂർ പ്രകാശിലൂടെ യു.ഡി.എഫ് തുടർച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലം. എൽ.ഡി.എഫിന് ശക്തമായ അടിത്തറയും ജനപിന്തുണയുമേറെ. എൻ.ഡി.എ വോട്ടുകൾ മൂന്നിരട്ടിയായി ഉയർന്നു. കോന്നിയുടെ ഇപ്പോഴത്തെ ചിത്രം ഇതാണ്.

യു.ഡി.എഫ് നിരയിൽ

അടൂർ പ്രകാശ് മാറുമ്പോൾ ആര് വരണം എന്നാണ് കോൺഗ്രസിലെ ചർച്ച. എെ ഗ്രൂപ്പ് മണ്ഡലം 'എ' ക്ക് വിട്ടുകൊടുത്താലും ഇല്ലെങ്കിലും അടൂർ പ്രകാശ് 'യെസ് ' മൂളുന്നവർ സ്ഥാനാർത്ഥിയായി വരാനാണ് സാദ്ധ്യത. എെ ഗ്രൂപ്പിന്റെ ജില്ലയിലെ പ്രമുഖൻ പഴകുളം മധുവാണ്. കെ.പി.സി.സി സെക്രട്ടറിയും ചാനൽ ചർച്ചകളിലെ സാന്നിദ്ധ്യവുമാണ് അദ്ദേഹം. പോരാത്തതിന് കോൺഗ്രസിൽ തണ്ണിത്തോട് ബ്ളോക്ക് കമ്മിറ്റിയിൽ നിന്നുളള കെ.പി.സി.സി അംഗവും. എന്നാൽ, അടൂർ പ്രകാശിന്റെ വിശ്വസ്തനും പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്ററിന്റെ പേരും പട്ടികയിലെത്തിയേക്കാം. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലെ മികവ് റോബിന് അനുകൂലമാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലസബത്ത് അബുവും ബിനിലാലും പരിഗണിക്കപ്പെട്ടേക്കാം.

ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് എ ഗ്രൂപ്പുകാരനാണെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച സംഘാടക മികവിന് അംഗീകാരമായി അദ്ദേഹത്തെ കെ.പി.സി.സി പരിഗണിക്കാനും ഇടയുണ്ട്. പാർലമെന്റിലേക്കും നിയമസഭയിലേക്കും സീറ്റുകൾ നിഷേധിക്കപ്പെട്ട ഡി.സി.സി മുൻ പ്രസിഡന്റ് പി.മോഹൻരാജാണ് പരിഗണിക്കപ്പെടാൻ ഇടയുളള മറ്റൊരു നേതാവ്.

എൽ.ഡി.എഫിലും കരുത്തൻമാരുണ്ട്.

ഇടതിനെ നയിക്കാൻ

സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, കഴിഞ്ഞ തവണ അടൂർ പ്രകാശിനെതിരെ മത്സരിച്ച ആർ.സനൽകുമാർ, എം.എസ്.രാജേന്ദ്രൻ എന്നിവരുടെ പേരുകൾ ഉയർന്നേക്കാം. യുവാക്കളെ പരിഗണിച്ചാൽ ഡി.വൈ.എഫ്.എെ മുൻ ജില്ലാ പ്രസിഡന്റ് കെ.യു.ജനീഷ് കുമാറിന് മുൻഗണന ലഭിച്ചേക്കും.

എൻ.ഡി.എ സാരഥിയാകാൻ

വോട്ടുനേട്ടം മൂന്നിരട്ടി വർദ്ധിപ്പിച്ച് ഇടതു, വലതു മുന്നണികളോളം എത്തിയ എൻ.ഡി.എ ഇത്തവണ പ്രമുഖനെ രംഗത്തിറക്കും. ജില്ലയിൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുളള സംസ്ഥാന നേതാക്കൾ എം.ടി രമേശും കെ.സുരേന്ദ്രനും പി.സുധീറുമാണ്. ജില്ലാ ഭാരവാഹികൾ മത്സരിച്ചാൽ അശോകൻ കുളനട, ഷാജി ആർ. നായർ എന്നിവർ പട്ടികയിൽ വന്നേക്കാം.