കോന്നി : വീട്ടിൽ കയറി വൃദ്ധയുടെ മാല പൊട്ടിച്ച കേസിലെ ഒന്നാം പ്രതിയെ വിദേശത്ത് നിന്ന് നാട്ടിൽ എത്തിക്കാൻ പൊലീസ് നടപടി തുടങ്ങി. കോന്നി ഇളകൊള്ളൂർ അഞ്ചുമുറി വടക്കേതിൽ വീട്ടിൽ ഡാനിയേലിന്റെ ഭാര്യ സാറാമ്മ ( 73) യുടെ മാല പൊട്ടിച്ച കേസിലെ ഒന്നാം പ്രതി പത്തനംതിട്ട വാര്യാപുരം ഇലന്തൂർ ഈസ്​റ്റ് നിരവുകാലായിൽ തുണ്ടിയിൽ ആൻസൺ ജോൺ (40) ആണ് ഓസ്‌ട്രേലിയയിലേക്ക് കടന്നത്. വിസിറ്റിംഗ് വിസയിലാണ് ഓസ്ട്രേലിയയിലേക്ക് പോയതെങ്കിലും എത്രയും വേഗം നാട്ടിൽ എത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസിലെ രണ്ടാം പ്രതി പത്തനംതിട്ട പേട്ട തൈക്കാവ് സ്‌കൂളിന് സമീപം മുദാർ വീട്ടിൽ നജീബിനെ ഷാഡോ പൊലീസും കോന്നി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രിൽ 30 നാണ് സംഭവം. സാറാമ്മയുടെ വീട്ടിൽ എത്തിയ ആൻസണും നജീബും ചേർന്ന് മാല പൊട്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു. ആൻസൺ കുറച്ച് മാസങ്ങൾക്ക് മുമ്പ് സാറാമ്മയുടെ വീട്ടിലെ വാഹനം ഓടിക്കാൻ ഡ്രൈവറുടെ പകരക്കാരനായി പോയിരുന്നു. സാറാമ്മ ഒ​റ്റയ്ക്കാണെന്ന് മനസ്സിലാക്കിയ അൻസൺ, നജീബുമായി ചേർന്ന് മോഷണത്തിന് പദ്ധതി ഇടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപഹരിച്ച സ്വർണ്ണം പ്രതികൾ പത്തനംതിട്ടയിലുള്ള ജൂവലറിയിൽ വിറ്റ് പണം പങ്കിട്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച ആൻസൺന്റെ വാഹനം സുഹൃത്തിന്റെ വീട്ടിൽ നിന്ന് കസ്​റ്റഡിയിൽ എടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ .ജോസ്, അടൂർ ഡിവൈ.എസ്.പി കെ.എ. തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ ഷാഡോ പൊലീസ് എസ്.ഐ ആർ.എസ്. രഞ്ചു , കോന്നി എസ്.ഐ ബിനു.സി കിരൺ, എ.എസ്.ഐ മനോജ്, ഷാഡോ പൊലീസ് എ.എസ്.ഐ മാരായ രാധാകൃഷ്ണൻ ,വിൽസൺ, ടി.ഡി.ഹരികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ആർ. അജികുമാർ, സി.പി.ഒ മാരായ ലിജു, സുജിത്ത്, കോന്നി സ്​റ്റേഷൻ സി.പി.ഒ മാരായ അനൂജ്, സജിൻ എന്നിവരാണ് അന്വേഷണം നടത്തിയത്.