footprint

ചിറ്റാർ: വയ്യാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം അറിയാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. കുളങ്ങരവാലി , കൊച്ചുകുളങ്ങരവാലി, തേരകത്തുംമണ്ണ്, പുലയൻപാറ, തുടങ്ങിയ പ്രദേശങ്ങളിലാണ് പുലിയുടെ സാന്നിദ്ധ്യം കണ്ടത്. കഴിഞ്ഞ ദിവസം തേരകത്തും മണ്ണ് ഇടക്കാടിനു സമീപമുള്ള ഏഴേക്കർ ശശിയുടെ വീട്ടിലെ വളർത്തുനായയെ പുലി പിടിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. തൊട്ടടുത്ത പ്രദേശമായ തേരകത്തും മണ്ണ് പുളിമൂട്ടിൽ വളവിനുവച്ച് മടന്തപ്പാറ സുനിൽ പതിനൊന്നു മണിയോടെ വീട്ടിലേക്കു പോകും വഴി പുലിയെ കണ്ടു. ഇന്നലെ രാവിലെ തേരകത്തും മണ്ണ് മേപ്പാടത്ത് മാളിയേക്കൽ ദിലീപ്, തടത്തിൽ സുശീല, പതാക്കുഴിൽ വിജയൻ എന്നിവരുടെ വീടിന്റെ പരിസരത്തായി പുലിയുടെ കാൽപാദങ്ങളുടെ അടയാളം കണ്ടെത്തി. തുടർന്ന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. നാട്ടുകാർ വനപാലകരോട് പുലിക്കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.