ശബരിമല: നടവരവായി ശബരിമലയിൽ ലഭിച്ച സ്വർണത്തിൽ കുറവുണ്ടെന്ന ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലിൽ അവ്യക്തതയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഉദ്യോഗസ്ഥർ. ആറന്മുളയിലെ സ്ട്രോംഗ് റൂമിലാണ് ശബരിമലയിൽ ലഭിക്കുന്ന സ്വർണങ്ങളും രത്നങ്ങളും സൂക്ഷിക്കുന്നത്. സമീപകാലത്തൊന്നും ഇവിടെ പരിശോധന നടന്നിട്ടില്ലെന്നും പിന്നെങ്ങനെ സ്വർണത്തിൽ കുറവുണ്ടായി എന്ന് കണ്ടെത്താൻ കഴിഞ്ഞുവെന്നുമാണ് ദേവസ്വം ഉദ്യോഗസ്ഥർ ചോദിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടില്ലെന്നും ശബരിമല അസി.എക്സിക്യൂട്ടീവ് ഓഫീസർ ഡി.ജയകുമാർ കേരളകൗമുദിയോട് പറഞ്ഞു.
സ്ട്രോംഗ് റൂം പരിശോധന ഇല്ല
സ്ട്രോംഗ്റൂം തുറന്നുള്ള പരിശോധന ഇന്ന് നടക്കുമെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. സർവീസിൽ നിന്ന് വിരമിച്ച ശബരിമല ഹെഡ് അക്കൗണ്ടന്റിൽ നിന്ന് സ്ട്രോംഗ്റൂം ചുമതല കൈമാറുന്ന ചടങ്ങായിരിക്കും ഇന്ന് നടക്കുക. തിരുവാഭരണം കമ്മിഷണർ ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ രജിസ്ട്രറുകൾ ഒത്തുനോക്കി ചുമതല ഔദ്യോഗികമായി കൈമാറും.
സ്ട്രോംഗ്റൂം ചുമതല ഏറ്റെടുക്കാൻ ഉദ്യോഗസ്ഥൻ എത്താതായതോടെ നാല് വർഷം മുൻപ് വിരമിച്ച ഹെഡ് അക്കൗണ്ടന്റ് മോഹനന് പെൻഷൻ ലഭിച്ചിരുന്നില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോൾ അടിയന്തരമായി ചാർജ്ജ് കൈമാറ്റം നടത്തി വിരമിച്ച ജീവനക്കാരന് പെൻഷൻ നൽകാൻ ഉത്തരവിടുകയായിരുന്നു. ഇത് പ്രകാരം ചുമതല കൈമാറുന്ന ചടങ്ങാണ് ഇന്ന് നടക്കുന്നത്.
സർക്കാർ നിർദ്ദേശം നടപ്പായില്ല
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ട്രോംഗ് റൂമുകളിലെ സ്വർണം ഉൾപ്പെടെയുള്ള സാധനങ്ങൾ പരിശോധിച്ച് ഡിജിറ്റലൈസേഷൻ നടത്തി സൂക്ഷിക്കണമെന്ന് സംസ്ഥാന സർക്കാർ 2017-ൽ നിർദ്ദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച സർക്കുലറും ബോർഡ് അവഗണിച്ചു.
വീഴ്ചയുണ്ടായെങ്കിൽ നടപടി: കടകംപള്ളി
ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിൽ കുറവുണ്ടായെന്ന ആക്ഷേപം സംബന്ധിച്ച് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനോട് വിശദീകരണം തേടി. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. സ്‌ട്രോംഗ് റൂമുകൾ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ശക്തിപ്പെടുത്തും. ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധന പൂർത്തിയാവും മുമ്പേ ഒരു നിഗമനത്തിലെത്താൻ കഴിയില്ല.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ