a-padmakumar-

പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണത്തിൽ കുറവുണ്ടായാൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. ദേവസ്വം ബോർഡ് മുൻ ഭരണസമിതിയുടെ കാലത്ത് വിരമിച്ച ഉദ്യോഗസ്ഥൻ ചുമതല കൈമാറാത്തതാണ് ലോക്കൽ ഫണ്ട് ഒാഡിറ്റിൽ സ്വർണം, വെള്ളി ഉരുപ്പടികളിൽ കുറവു കണ്ടെത്തിയെന്ന വിവാദത്തിന് കാരണം. വിരമിച്ച ശേഷം പെൻഷനും ആനുകൂല്യങ്ങളും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചു. വഴിപാടായി ലഭിച്ച സാധനങ്ങളുടെയും മറ്റും കണക്കുകൾ അദ്ദേഹം കൈമാറിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഒാഡിറ്റ് നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചത്. വഴിപാടായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികളുടെ കണക്ക് കാണുന്നില്ലെന്നാണ് ഒാഡിറ്റ് വിഭാഗം കണ്ടെത്തിയത്. സ്വർണവും വെള്ളിയും കുറവുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ ക്രിമിനൽ നടപടി സ്വീകരിക്കും. ഇപ്പോഴത്തെ ഭരണസമിതി വന്ന ശേഷം വഴിപാട് സാധനങ്ങളുടെയും കണക്കുകളുടെയും കാര്യത്തിൽ കൃത്യതയുണ്ടെന്ന് പത്മകുമാർ പറഞ്ഞു.