sob-sharafudeen

പഴകുളം (അടൂർ) : സഹോദരീ പുത്രനെ മർദ്ദിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കത്തിനിടെ ഗൃഹനാഥൻ തലയ്ക്കടിയേറ്റു മരിച്ചു. പഴകുളം ഐഫ മൻസിലിൽ ഷറഫുദ്ദീൻ (45) ആണ് മരിച്ചത്. പഴകുളം തടത്തിവിളകിഴക്കേതിൽ സജീദ് (36), സംസം വില്ലയിൽ നജീബ് (42) എന്നിവരെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 10ന് പഴകുളം മുസ്ലിം പള്ളിയിൽ നമസ്‌കാരത്തിന് എത്തിയതായിരുന്നു ഇരുകൂട്ടരും. ഷറഫുദ്ദീന്റെ സഹോദരിയുടെ മകൻ നാസീമിനെ പഴകുളം പെട്രോൾ പമ്പിൽ വച്ച് നജീബ് മർദ്ദിച്ചിരുന്നു. ഇത് ഷറഫുദിനും നാസീമും ചോദ്യം ചെയ്തതാണ് അടിപിടിക്ക് കാരണമായത്. റോഡരികിലെ പരസ്യ ബോർഡെടുത്ത് ഷറഫുദ്ദീന്റെ തലക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഷറഫുദ്ദീന്റെ സഹോദരന്റെ മകളെ നജീബിന്റെ ഭാര്യാസഹോദരൻ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇതിനു ശേഷം ഇരുകൂട്ടരും തമ്മിൽ തർക്കങ്ങളും പതിവായി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവം നടന്നതിന് സമീപത്തെ സി.സി ടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അടൂർ ഡിവൈ.എസ്.പി കെ.എ. തോമസ്, സി.ഐ സുധിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഷറഫുദ്ദീൻ വിദേശത്തു നിന്ന് രണ്ടാഴ്ച മുമ്പാണ് റംസാൻ അവധിക്ക് എത്തിയത്. ഭാര്യ: ഷൗഫി. മക്കൾ: ഐഫ, ആഫിൽ.