പത്തനംതിട്ട :ഉത്രട്ടാതി വള്ളംകളിയുടെയും അഷ്ടമിരോഹിണി വള്ളസദ്യയുടെയും മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് 23ന് അഷ്ടമിരോഹിണി വള്ളസദ്യയും സെപ്തംബർ 15ന് ഉത്രട്ടാതി വള്ളംകളിയും നടക്കും. ഓഗസ്റ്റ് 5 മുതൽ ഒക്ടോബർ 6 വരെയാണ് വഴിപാട് വള്ളസദ്യകൾ. വള്ളസദ്യയുടെ ബുക്കിംഗ് പുരോഗമിക്കുകയാണ്. ഓരോ കരകളിലും പള്ളിയോടങ്ങളുടെ മിനുക്കുപണികൾ നടന്നു വരികയാണ്.

വള്ളസദ്യയുടെയും വള്ളംകളിയുടെയും നടത്തിപ്പിനായി വി.കെ ചന്ദ്രൻ (ഭക്ഷണം), സുരേഷ് കുമാർ പുതുക്കുളങ്ങര (അഷ്ടമിരോഹിണി വള്ളസദ്യ) , മുരളി ജി.പിള്ള ( റെയ്‌സ്), ആർ. വിനോദ് കുമാർ (തിരുവോണ തോണി വരവ്), അനൂപ് ഉണ്ണികൃഷ്ണൻ (രക്ഷാപ്രവർത്തനം) രവി ആർ. നായർ (ധനകാര്യം) , എ.പി അശോക് കുമാർ (കാര്യപരിപാടിയും സ്വീകരണവും), രതീഷ് ആർ. നായർ (താമസസൗകര്യം) , പി.ആർ.വിശ്വനാഥൻ നായർ (വോളന്റീയർ) എം. അയ്യപ്പൻകുട്ടി (മാദ്ധ്യമം, പരസ്യം), കെ.പി.സോമൻ ( സ്മരണിക ) എന്നിവരെ ഉപസമിതി കൺവീനർമാരായി തെര‌ഞ്ഞെടുത്തു.

പള്ളിയോട സേവാ സംഘം പൊതുയോഗത്തിൽ കൃഷ്ണകുമാർ കൃഷ്ണവേണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ആർ രാധാകൃഷ്ണൻ, ട്രഷറർ സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി വി. വിശ്വനാഥപിള്ള, വൈസ് പ്രസിഡന്റ് ജി . സരേഷ് എന്നിവർ സംസാരിച്ചു.

സി.ബി.എസ്.ഇ പ്ലസ്ടൂ പരീക്ഷയിൽ ദേശീയ തലത്തിൽ മൂന്നാം റാങ്ക് നേടിയ എ. മാളവികയെ യോഗത്തിൽ ആദരിച്ചു. കുറിയന്നൂർ പള്ളിയോട പ്രതിനിധി കെ.ജി അജിത് കുമാറിന്റെ മകളാണ് മാളവിക. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി ഉപഹാരവും ക്യാഷ് അവാർഡും നൽകി.

സാമ്പത്തിക സഹായം

പള്ളിയോട കരകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരാൾക്ക് സാമ്പത്തിക സഹായം നൽകാൻ പള്ളിയോട സേവാസംഘം പൊതുയോഗം തീരുമാനിച്ചു. വിദ്യാഭ്യാസ സഹായം ഒരു കരയിൽ നിന്ന് ഒരാൾക്കാണ് ലഭിക്കുന്നത്.

വിവരങ്ങൾക്ക് ഫോൺ: 8281113010