പത്തനംതിട്ട : പ്രളയത്തിൽ സർവവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിൽ സഹകരണ മേഖല വഹിക്കുന്ന പങ്ക് സ്തുത്യർഹമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
കെയർ ഹോം പദ്ധതി പ്രകാരം പന്തളം സഹകരണ ബാങ്ക് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ഐക്യം തകർക്കാനാവില്ലെന്നാണ് ഇത്തരം ചടങ്ങുകളിലെ ജനപങ്കാളിത്തവും പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രളയാനന്തരമുള്ള പുനർനിർമാണ പദ്ധതിയുടെ ഭാഗമായാണ് ഭവന നിർമ്മാണം. പന്തളം തോട്ടക്കോണം പാലക്കണ്ടത്തിൽ രാഘവനാണ് കെയർ ഹോമിലൂടെ വീട് നിർമിച്ച് നൽകിയത്. തൊടുകയിൽ കൃഷ്ണൻകുട്ടി എന്നയാൾക്ക് കൂടി ബാങ്ക് വീട് നിർമിച്ച് നൽകും. ഇതിന്റെ പണികൾ പുരോഗമിച്ചു വരികയാണ്.
ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ അധ്യക്ഷ ടി.കെ സതി, മുൻ എം.എൽ.എ പി.കെ.കുമാരൻ, പന്തളം മുൻസിപ്പൽ വൈസ് ചെയർമാൻ ആർ.ജയൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.രാമൻ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലസിത നായർ, ആനി ജോൺ തുണ്ടിൽ, രാധാ രാമചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡി. രവീന്ദ്രൻ, പന്തളം മുൻസിപ്പൽ കൗൺസിലർ സുനിതാ വേണു, കുരമ്പാല സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.ജ്യോതി കുമാർ, അടൂർ അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എച്ച്. അൻസാരി, അടൂർ അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് വെങ്കിടാചല ശർമ തുടങ്ങിയവർ പങ്കെടുത്തു.
കെയർ ഹോം പദ്ധതി പ്രകാരം കുരമ്പാല സഹകരണ ബാങ്ക് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.
പൂഴിക്കാട് ചിറമുടിക്ക് സമീപം മലയുടെ തെക്കേതിൽ കോളനിയിലെ തുളസിക്കാണ് വീട് ലഭിച്ചത്. അഞ്ച് ലക്ഷം രൂപ ചെലവിൽ 500 സ്ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചിരിക്കുന്നത്. ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പന്തളം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ചന്ദ്രശേഖര കുറുപ്പ്, പന്തളം മുൻസിപ്പൽ വൈസ് ചെയർമാൻ ആർ. ജയൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.രാമൻ, പന്തളം മുൻസിപ്പൽ കൗൺസിലർ പന്തളം മഹേഷ്, അടൂർ അസി.രജിസ്ട്രാർ ജനറൽ എച്ച്. അൻസാരി, അടൂർ അസി.രജിസ്ട്രാർ ഓഡിറ്റ് വെങ്കിടാചല ശർമ, കുരമ്പാല വില്ലേജ് ഓഫീസർ കെ.എൻ.അനിൽ കുമാർ, കുരമ്പാല സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.ജ്യോതി കുമാർ തുടങ്ങിയവർ പങ്കെടുത്തു.