oditing-sabarimala

പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന ഒാഡിറ്റ് വിഭാഗത്തിന്റെ വരവ് ചെലവ് കണക്ക് പരിശോധനയിൽ വ്യക്തമായി. ആഭരണങ്ങളുടെ വിവരമടങ്ങിയ ദേവസ്വം ഒാഫീസിലെ മഹസറും ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന ആറന്മുള സ്ട്രോംഗ് റൂമിലെ രജിസ്റ്ററും പത്തനംതിട്ടയിലെ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ഒാഫീസിൽ പരിശോധിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10ന് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് രണ്ട് വരെ നീണ്ടു. 40 കിലോ സ്വർണവും 100 കിലോ വെള്ളിയും നഷ്ടപ്പെട്ടെന്നായിരുന്നു പ്രചാരണം.

സ്ട്രോംഗ് റൂമിലെ ആഭരണങ്ങളുടെ വിവരങ്ങൾ കൃത്യമായി രജിസ്റ്ററിലുണ്ടെന്ന് ഒാഡിറ്റ് ഒാഫീസർ പ്രതാപ്കുമാർ പറഞ്ഞു. മഹസറും രജിസ്റ്ററും തമ്മിൽ പൊരുത്തക്കേടുകളില്ല. ദേവസ്വം ജീവനക്കാരോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. സ്ട്രാേംഗ് റൂം തുറന്നു പരിശോധിക്കേണ്ടത് ഒാഡിറ്റ് വിഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജഭരണകാലത്തെ മഹസർ രീതിയിലാണ് കോടികൾ വിലപിടിപ്പുള്ള വഴിപാട് സാമഗ്രികളുടെ വിവരം രേഖകളിലാക്കുന്നത്. ഇതുമാറ്റി സ്റ്റോക്ക് രജിസ്റ്റർ ആക്കണമെന്ന് ഒാഡിറ്റ് വിഭാഗം ശുപാർശ നൽകും. സ്ട്രോംഗ് റൂമിലെ ആഭരണങ്ങൾ സൂക്ഷിക്കുന്നത് ആധുനികവത്കരിക്കണം. ആഭരണങ്ങൾ മുദ്രപ്പൊതികളിലാക്കി തുണികളിൽ നമ്പരിട്ട് പൊതിഞ്ഞ് സൂക്ഷിക്കുന്ന രീതിയാണ് ഇപ്പോഴത്തേത്. എൺപതിലേറെ വർഷം പഴക്കമുള്ള ആഭര ണങ്ങളുമുണ്ട്.

ആഭരണങ്ങൾ സൂക്ഷിക്കുന്ന മുദ്രപ്പൊതിയുടെ രജിസ്റ്റർ ഹാജരാക്കാത്തതിനാൽ കണക്കിൽ വ്യക്തതയില്ലെന്ന് ഒാഡിറ്റ് വിഭാഗം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന പ്രചാരണത്തിന് കാരണമായത്. തുടർന്ന് ഇന്നലെ രജിസ്റ്റർ അടിയന്തരമായി പത്തനംതിട്ടയിലെ ദേവസ്വം ഒാഫീസിൽ എത്തിക്കുകയായിരുന്നു.

ശബരിമലയിൽ വഴിപാടായി ലഭിച്ച ആഭരണങ്ങളുടെ പരിശോധന ഒരു വർഷത്തിലേറെയായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.

സ്വർണം, വെള്ളി ഉൾപ്പെടെ 10,413 സാമഗ്രികളിൽ 5720 എണ്ണം സ്ട്രോംഗ് റൂംതുറന്ന് പരിശോധിച്ച് രജിസ്റ്റർ ആക്കിയിട്ടുണ്ട്. ബാക്കിയുള്ളവയിൽ 3890 ഉരുപ്പടികൾ വിവിധ ക്ഷേത്രങ്ങളിലെ കൊടിമരങ്ങൾ, വിഗ്രഹം തുടങ്ങിയവയ്ക്ക് ഉരുക്കി ഉപയോഗിക്കാൻ നൽകി. ശേഷിക്കുന്ന 800 ഉരുപ്പടികളാണ് വിരമിച്ച ഉദ്യോഗസ്ഥൻ കൈമാറാനുള്ളത്. ഇതിന്റെ പരിശോധന നടന്നു വരികയണ്. ദേവസ്വം കമ്മിഷണർ, അസി.എക്സിക്യൂട്ടിവ് ഒാഫീസർ, സ്വർണപ്പണിക്കാരൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധിച്ച് രജിസ്റ്ററാക്കുന്നത്.

ഒാഡിറ്റിംഗ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന്

ബോർഡിൽ നിന്നു ജൂനിയർ സൂപ്രണ്ടായി വിരമിച്ച അടൂർ ഇളമണ്ണൂർ സ്വദേശി ഡി.മോഹനൻ പെൻഷനും ആനുകൂല്യങ്ങളും ലഭിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. വഴിപാട് സാമഗ്രികളുടെ വിവരം പിൻഗാമികൾക്ക് കൈമാറാത്തതിനാൽ പെൻഷൻ നൽകാനാവില്ലെന്നായിരുന്നു ബോർഡിന്റെ നിലപാട്. ആഭരണങ്ങളുടെ ഒാഡിറ്റിംഗ് നടത്താനും ചുമതലകൾ കൈമാറാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

അതേസമയം, താൻ വിരമിക്കുമ്പോൾ പിന്നാലെ വന്ന ജീവനക്കാർ സ്ട്രോംഗ് റൂമിന്റെ മഹസർ സ്വീകരിക്കാൻ തയ്യാറായില്ലെന്ന് മോഹനൻ പറഞ്ഞു. ഉരുപ്പടി നേരിട്ട് തിട്ടപ്പെടുത്തിയാലേ സ്വീകരിക്കൂവെന്നാണ് ജീവനക്കാരുടെ നിലപാട്. സ്ട്രോംഗ് റൂമിലെ പതിനായിരത്തോളം ഉരുപ്പടികളുടെ പരിശോധന നീളുന്നതിനാലാണ് ഞാൻ കൈമാറേണ്ട സാധനങ്ങളുടെ പരിശോധന വൈകുന്നത്. ഹെഡ് അക്കൗണ്ടന്റുമാർക്കാണ് സാധനങ്ങൾ കൈമാറേണ്ടത്. 2016ൽ ഞാൻ വിരമിച്ച ശേഷം അഞ്ച് ഉദ്യോഗസ്ഥർ ഹെഡ് അക്കൗണ്ടന്റുമാരായി വന്നുപോയി. സ്ട്രോംഗ് റൂമിലെ ആഭരണങ്ങളിൽ ഒരു തരി പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും മോഹനൻ പറഞ്ഞു.