പത്തനംതിട്ട: ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പമ്പയിൽ നിന്ന് 20,000 ക്യൂബിക്ക് മീറ്റർ മണൽ ഇന്നു മുതൽ നീക്കം ചെയ്യും. ഇതിനുളള കരാറായി. നിലയ്ക്കലിലേക്ക് 10,000 ക്യൂബിക്ക് മീറ്റർ മണലും പമ്പ ,സന്നിധാനം എന്നിവിടങ്ങളിലേക്ക് 5000 ക്യൂബിക്ക് മീറ്റർ വീതം മണലുമാണ് ഉപയോഗിക്കുക. നിലയ്ക്കലിലേക്ക് ടിപ്പർ ഉപയോഗിച്ചും സന്നിധാനത്തേക്കും പമ്പയിലേക്കും ട്രാക്ടർ ഉപയോഗിച്ചുമാണ് മണലെത്തിക്കുന്നത്. ഒരു കോടി രൂപയ്ക്ക് തിരുവനന്തപുരത്തുള്ള സ്വകാര്യ വ്യക്തിയാണ് മണൽ നീക്കം ചെയ്യാൻ കരാറെടുത്തിരിക്കുന്നത്. നേരത്തെ നിലയ്ക്കക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങിളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 20,000 ക്യുബിക്ക് മീറ്റർ മണലാണ് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിന് വിലയായി വനം വകുപ്പ് ഒൻപത് കോടി രൂപ ആവശ്യപ്പെട്ടെന്നു കാട്ടി ബോർഡ് സർക്കാരിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 20,000 ക്യൂബിക്ക് മണൽ ദേവസ്വം ബോർഡിന് വിട്ടു നൽകാൻ തീരുമാനമായത്.