അടൂർ: ആഭ്യന്തരവകുപ്പിന്റെ പ്രത്യേക തീരുമാനപ്രകാരം സീനിയർ സിവിൽ പൊലീസ് ഒാഫീസർമാർ മുതൽ മുകളിലോട്ടുള്ള ജീവനക്കാർക്ക് പ്രമോഷൻ നൽകാനുള്ള തീരുമാനം ജില്ലയിൽ അട്ടിമറിച്ചതായി ആക്ഷേപം. സംസ്ഥാനത്ത് അറുനൂറോളം പേർക്ക് പ്രമോഷൻ ലഭിച്ചപ്പോൾ പത്തനംതിട്ട ജില്ലയിൽ ഒരാൾക്ക് പോലും സ്ഥാനക്കയറ്റം ലഭിച്ചില്ല. കഴിഞ്ഞ ആറ് മാസം മുൻപ് ജില്ലയിൽ ഉണ്ടായ നൂറിൽപ്പരം എസ്.സി.പി മാരുടെ ഒഴിവിലേക്ക് ഒരാളെപ്പോലും പ്രമോട്ട് ചെയ്തില്ല. പ്രമോഷൻ ലഭിക്കാതെ വന്നവരിൽ ഭൂരിപക്ഷവും എൻട്രി കേഡറിൽ തന്നെ ഇരുപതിലേറെ വർഷമായി ജോലിനോക്കുന്നവരാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെമ്പാടുമുള്ള വേക്കൻസികളിൽ പ്രമോഷൻ വഴി നിയമനം നടത്തണമെന്ന പൊലീസ് സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് പത്തനംതിട്ടയൊഴികെ മറ്റ് ജില്ലകളിൽ പ്രമോഷൻ നൽകുകയും ചെയ്തു. ജില്ലാ പൊലീസ് ഒാഫീസിലെ മിനിസ്റ്റീരിയൽ വിഭാഗത്തിലെ ഒരു ഉന്നതനാണ് തീരുമാനം വൈകിപ്പിക്കുന്നതിന് പിന്നിലെന്ന് പൊലീസ് സംഘടനകൾ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇലക്ഷന് മുന്നോടിയായി പ്രമോഷൻ നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും പൊലീസ് ഹെഡ്ക്വാർട്ടേഴ്സിനും ഇൗ ഉദ്യോഗസ്ഥൻ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇലക്ഷൻ കഴിഞ്ഞ് പ്രമോഷൻ നടപ്പാക്കിയാൽ മതിയെന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപേ ഇൗ ഉദ്യോഗസ്ഥൻ തീരുമാനമെടുക്കുകയായിരുന്നത്രേ. വിജ്ഞാപനം വന്നതിന് ശേഷവും പ്രമോഷൻ നടപ്പാക്കാൻ രണ്ട് തവണ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ഉത്തരവ് വന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുക്കുമെന്ന കാരണം നിരത്തി നടപടികൾ വൈകിപ്പിച്ചു.

120 പേർക്ക് ജില്ലയിൽ പ്രമോഷൻ ലഭിക്കുമായിരുന്നു. നിരവധി തസ്തികൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ ജോലിഭാരം കാരണം ജീവനക്കാരും ദുരിതത്തിലാണ്.

അമർഷം പോസ്റ്റൽ വോട്ടിൽ പ്രകടം

പ്രമോഷൻ വൈകിയതിൽ പൊലീസുകാരുടെ ഇടയിലുള്ള അമർഷം പോസ്റ്റൽ ബാലറ്റിലും പ്രതിഫലിച്ചതായി ചൂണ്ടികാണിക്കപ്പെടുന്നു. പോസ്റ്റൽ വോട്ടുകളിൽ ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രന് കൂടുതൽ വോട്ടുകൾ ലഭിക്കുന്നതിൽ ഇക്കൂട്ടരുടെ അതൃപ്തി പ്രധാന ഘടകമായതായും സംഘടനാ നേതാക്കൾ പറയുന്നു. രണ്ട് ദിവസം മുൻപും പ്രമോഷൻ നടപ്പാക്കാനുള്ള നിർദ്ദേശം ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് വന്നിട്ടും നടപടിയാകാത്തത് ജീവനക്കാർക്കിടയിൽ കടുത്ത അമർഷത്തിന് ഇടയൊരുക്കിയിട്ടുണ്ട്.