-1-a-

കടമ്പനാട് : ജീവിക്കാൻ വേണ്ടി സ്വന്തം കവിതകളുടെ മേൻമകൾ വർണിച്ച് തെരുവിൽ കവിത വിൽകുന്ന കവി, ഹിന്ദികാവ്യലോകത്തിലെ പ്രധാനി ഭവാനി പ്രസാദ് മിശ്രയുടെ " ഗീത് ഭരോശ്" എന്ന കൃതിയിൽ ഇങ്ങനെയൊരു ജീവിതമുണ്ട്.

ഇതേ ജീവിതമാണ് യുവകവി കാശിനാഥന്റെയും. ജീവിക്കാൻ വേണ്ടി സ്വന്തം കവിതകളുമായി തെരുവുകളിൽ അലയുകയാണ് ഇൗ യുവാവ്. സ്വന്തം ജീവിതാനുഭവങ്ങളിലെ കഷ്ടപ്പാടിന്റെയൂം ദാരിദ്രത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും കണ്ണുനീരിൽ ചാലിച്ചകവിതകളുമായി. ഇത് രണ്ടാം തവണയാണ് 22 കാരനായ ഈ യുവാവ് തെരുവിൽ ഇറങ്ങുന്നത്. മേഘമൽഹാർ ആയിരുന്നു ആദ്യകവിതാസമാഹാരം. ഇപ്പോൾ എറണാകുളം സൂര്യാബുക്സ് രണ്ടാമത്തെ കവിതാസമാഹാരം "മഴച്ചാറ് " പുറത്തിറക്കി. ചങ്ങമ്പുഴയാണ് കാശിനാഥന്റെ ഇഷ്ടകവി. ചങ്ങമ്പുഴയെ ഇഷ്ടപ്പെടാൻ പ്രത്യേകകാരണമുണ്ട്. രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ച കാശിനാഥന്റെ സ്കൂൾ ജീവിതം വളരെ കഷ്ടതനിറഞ്ഞതായിരുന്നു. ഉച്ചക്ക് ഭക്ഷണം ഇല്ലാതെ ഒഴിഞ്ഞവയറുമായി മാറിയിരിക്കേണ്ട സാഹചര്യങ്ങൾ നിരവധിയുണ്ടായി. ചങ്ങമ്പുഴയുടെ ജീവിതത്തിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിരുന്നുവെന്ന് വായിച്ചറിഞ്ഞപ്പോഴാണ് കവിയെ ഹൃദയത്തിലേറ്റിയത്. മഴച്ചാറ് എന്ന കവിതാസമാഹാരത്തിന് അവതാരികയെഴുതിയത് പ്രശസ്തകവി പി.കെ. ഗോപിയാണ്. നിലം തൊട്ടജീവിതത്തിന്റെ ഗന്ധവും അകംവെന്ത കണ്ണുനീരിന്റെ ഈർപ്പവും ദിക്കറിയാത്ത പ്രതീക്ഷകളുടെ ദൂരവും ഒപ്പിയെടുക്കാൻ കാശിനാഥന്റെ കവിതകൾക്ക് കഴിയുന്നുണ്ടന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ആകാശവാണിയിൽ കാശിനാഥന്റെ കവിതകൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്.സാഹിത്യ ശില്പശാലകളിലും സാഹിത്യോത്സവങ്ങളിലും നിറസാന്നിദ്ധ്യമാണ് ഈ യുവകവി. വള്ളിക്കോട് ഞക്കുനിലം സ്വദേശിയാണ്.അച്ഛൻ പരേതനായ രാജേന്ദ്രൻനായർ. ഗീതയാണ് അമ്മ. സഹോദരി ഉമാദേവി.

പുതുതലമുറ എഴുത്തുകാരുടെ രചനകൾ വിറ്റുപോകാൻ വളരെബുദ്ധിമുട്ടായതിനാലാണ് കവിതയുമായി തെരുവിലേക്കിറങ്ങിയത്. നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.

കാശിനാഥൻ