stadium

സ്റ്റേഡിയം നിർമാണം പുരോഗമിക്കുന്നു

കൊടുമൺ :കായികപ്രേമികളുടെ ചിരകാല അഭിലാഷമായിരുന്ന കൊടുമൺ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമാണം പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 15.1 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള സ്റ്റേഡിയമാണ് നിർമിക്കുന്നത്. കിറ്റ്‌കോയ്ക്കാണ് നിർമ്മാണ ചുമതല. സ്റ്റേഡിയത്തിന് ചുറ്റുമുള്ള സംരക്ഷണ വേലികളുടെയും ഓടകളുടെയും നിർമ്മാണം പൂർത്തീകരിച്ചു.സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരത്തോടെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് അനുയോജ്യമായ ജില്ലയിലെ ആദ്യ സ്റ്റേഡിയമാണിത്. നാനൂറു മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണം ആരംഭിച്ചു. ഫുട്‌ബാൾ കോർട്ടിനായുള്ള ലവലിംഗ് ജോലികളും നടന്നു വരുന്നു.

മഴ പെയ്താൽ മിനിട്ടുകൾക്കകം വെള്ളം വലിയുന്നതും ഉടൻ തന്നെ മത്സരം നടത്താൻ ഉതകുന്നതുമായ ട്രെയ്‌​നേജ് സംവിധാനമാണ് ഒരുക്കുന്നത്. ഫുട്‌ബോൾ കോർട്ടിൽ ഒരുക്കുന്ന പല്ലുകൾ ഔട്ടോമാറ്റിക് സംവിധാനത്തിലൂടെ നനയ്ക്കാൻ കഴിയും. ഒരു ലെവൽ നനഞ്ഞു കഴിഞ്ഞാൽ ഓഫ് ആകുന്ന സംവിധാനമാണ് ഒരുക്കുന്നത്. ബാഡ്മിന്റൺ, ബാസ്‌കറ്റ്ബാൾ ,വോളിബാൾ കോർട്ടുകളുടെ പണികൾ ഉടൻ ആരംഭിക്കും. ഓഫീസ്,മിനി കോൺഫറൻസ് ഹാൾ, ടോയിലെറ്റുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയായി. ഇനി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമുള്ള ശുചിമുറികൾ, ഭക്ഷണശാല, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, സെക്യൂരിറ്റി മുറികൾ, പ്രഭാത സവാരിക്ക് നടപ്പാത, കുട്ടികൾക്കായുള്ള പാർക്ക് എന്നിവയുടെ നിർമ്മാണവും നടക്കും. 25 വർഷങ്ങൾക്ക് മുൻപാണ് പഞ്ചായത്തിൽ സ്റ്റേഡിയത്തിനായുള്ള ഭൂമി വാങ്ങിയത്. ഇതിനിടെ ഏറെ പ്രതിസന്ധികളുമുണ്ടായി. ഒരു ഘട്ടത്തിൽ ഈ സ്ഥലത്ത് പഞ്ചായത്തു ഓഫീസും ഷോപ്പിംഗ് കോപ്ലെക്‌സും നിർമ്മിക്കാൻ നീക്കമുണ്ടായെങ്കിലും കായിക പ്രേമികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം പിൻവലിച്ചു. ജില്ലയിൽ ആധുനിക സൗകര്യങ്ങളുമായി സ്റ്റേഡിയം പൂർത്തിയാകുമ്പോൾ സ്​കൂൾ,കോളേജ് കായിക വിദ്യാർത്ഥികൾക്ക് പരിശീലനത്തിനും ഉപയുക്തമാകും.

ചെലവ്:15.1 കോടി, സിന്തറ്റിക് ട്രാക്ക്: 400 മീ.നീളം,

ഫുട്ബാൾ, ബാഡ്മിന്റൺ, ബാസ്‌കറ്റ്ബാൾ ,വോളിബാൾ കോർട്ടുകൾ

' ആധുനിക സൗകര്യങ്ങളോടെയുള്ള കൊടുമൺ സ്റ്റേഡിയത്തിന്റെ നിർമ്മാണം നവംബർ അവസാനത്തോടെ പൂർത്തിയാകും. ഡിസംബർ ആദ്യവാരം ഉദ്​ഘാടനം നടത്താമെന്ന് പ്രതീക്ഷിക്കുന്നു '


എ.എൻ സലിം

( കൊടുമൺ ഇ.എം.എസ് സ്‌പോർട്‌സ്

അക്കാദമി പ്രസിഡന്റ് )