തിരുവല്ല: അനധികൃത കൈയേറ്റവും മാലിന്യങ്ങളും കാരണം വീർപ്പുമുട്ടിയ കോലറയാറിന്റെ പുനരുജ്ജീവന പ്രവർത്തികൾ പുരോഗമിക്കുന്നു. കടപ്ര - നിരണം പഞ്ചായത്തുകളിലൂടെ ഒഴുകികൊണ്ടിരുന്ന കോലറയാറിന്റെ നാലു ഭാഗങ്ങളിലാണ് ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം 13 കിലോമീറ്റർ നീളമുള്ള ഈ ജലാശയം പമ്പാനദിയുടെ കൈവഴിയാണ്. കോലറയാറിന്റെ സമഗ്രമായ പുനരുജ്ജീവനം ലക്ഷ്യമിട്ട് നാല് കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തുടക്കമിട്ടത്. ആറിന്റെ ഇരുവശങ്ങളിലും കൈയേറിയ ഭൂമികൾ സർവേ നടത്തി അളന്നു തിരിച്ചു പിടിച്ചു. ഇപ്പോൾ ആഴവും വീതിയും കൂട്ടുന്ന ജോലികളാണ് പുരോഗമിക്കുന്നത്. നാല് കിലോമീറ്റർ നീളത്തിൽ ആഴംകൂട്ടുന്ന ജോലികൾ പൂർത്തിയായി. ഒരു മീറ്റർ താഴ്ച്ചയിലാണ് ആഴംകൂട്ടുന്നത്. ഇതിനായി അഞ്ചു ജെ.സി.ബികൾ പ്രവർത്തിക്കുന്നുണ്ട്. ആറ്റിൽ നിന്നും കോരിയിടുന്ന മണ്ണും ചെളിയും സ്വകാര്യ വ്യക്തികൾ കടത്തുന്നതായും പരാതിയുണ്ട്. അഞ്ചു മോട്ടോർ തറകൾ പണിതു. ഇതിന്റെ മേൽക്കൂരകൾ ഇനി പൂർത്തിയാകാനുണ്ട്. എട്ടോളം കുളിക്കടവുകൾ നിർമ്മിച്ചു. ഈ വർഷം അവസാനത്തോടെ കോലറയാറിന്റെ പുനരുജ്ജീവന പ്രവർത്തികൾ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കോലറയാർ പുനരുജ്ജീവിക്കുന്നതോടെ വേനലിലും നാട്ടുകാർക്ക് ജലസമൃദ്ധി ഉപയോഗപ്പെടുത്താം. കോലറയാറിനു നല്ല വീതിയും ആഴവും ഉണ്ടായിരുന്ന കാലത്ത് പുളിക്കീഴ് ഷുഗർ ഫാക്ടറിയിലേക്ക് ആവശ്യമായ കരിമ്പും മറ്റും സാധനങ്ങളും എത്തിച്ചു കൊണ്ടിരുന്നത് ഇതുവഴിയായിരുന്നു. എന്നാൽ വ്യാപകമായ കൈയേറ്റം ഇതിന്റെ നീരുറവകളെ നശിപ്പിച്ചു. ആറിന് കുറുകെ അശാസ്ത്രീയമായ നിർമ്മാണങ്ങളും ഉണ്ടായി.
ആലാത്ത്കടവ് പാലം പണി വേഗത്തിലാക്കണം
അശാസ്ത്രീയമായി കോലറയാറിന് കുറുകെ നിർമ്മിച്ചിരുന്ന ആലാത്ത്കടവ് പാലം പൊളിച്ചു നീക്കി. ഇവിടെ പുതിയ പാലം നിർമ്മിക്കുന്ന ജോലികൾ തുടങ്ങി. ഇഴഞ്ഞു നീങ്ങിയ പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്. അടിത്തട്ടിലെ കോൺക്രീറ്റ് പൂർത്തിയാക്കാൻ പണികൾ വേഗത്തിൽ നടക്കുന്നതായി നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് പറഞ്ഞു.