kpr
കെ. പി റോഡിൽ പൊതുമരാമത്ത് ഒാഫീസിന് കിഴക്കുഭാഗത്തായി പൈപ്പ്പൊട്ടി അടുത്തിടെ സഞ്ചാരയോഗ്യമാക്കിയ കെ. പി റോഡ് തകർന്ന നിലയിൽ

അടൂർ : ഒമ്പത് കോടിയോളം രൂപ ചെലവഴിച്ച് ഉന്നതനിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമായ കെ.പി റോഡിൽ പൈപ്പ് പൊട്ടി റോഡിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. അടൂർ പൊതുമരാമത്ത് ഒാഫീസിന് കിഴക്ക്മാറി മാടാംകുളഞ്ഞിപടി ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പൈപ്പ്പൊട്ടിയത്. ഇതോടെ ജലധാര രൂപം കൊള്ളുകയും വെള്ളത്തിന്റെ മർദ്ദംകാരണം മെറ്റിലുകൾ ഉൾപ്പെടെയുള്ളവ പുറത്തേക്ക് തള്ളി റോഡിൽ ചെറിയ കുളംതന്നെ രൂപപ്പെട്ടു. പള്ളിക്കൽ പഞ്ചായത്തിലേക്കുള്ള മെയിൻ പൈപ്പ്ലൈനിൽ നിന്നും പുറംചുറ്റിൽ ഭാഗത്തേക്കുള്ള ഉപപൈപ്പ്ലൈനുമായി വെൽഡ്ചെയ്ത് കൂട്ടിയോജിപ്പിച്ച ഭാഗമാണ് തകർന്നത്. വെൽഡ്ചെയ്തതിലെ അപാതകയാണ് ഇതിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒട്ടേറെ വിവാദങ്ങൾക്കും സമരപരമ്പരകൾക്കുമൊടുവിലാണ് തകർന്ന് തരിപ്പണമായി കിടന്ന കെ.പി റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. പണികൾ പൂർത്തിയാക്കി കരാറുകാർ മെയിൻ റോഡും മെയിൻ റോഡും തമ്മിലുള്ള കട്ടിംഗ് കുറയ്ക്കുന്നതിനായി മെറ്റിലുകൾ നിരത്തി ടാർചെയ്യുന്ന ജോലികളാണ് ഇപ്പോൾ നടത്തിവരുന്നത്.

ഗതാഗതകുരുക്കും രൂക്ഷം

ഇരുപത് മീറ്റർ ഭാഗം ഇനിയും വെട്ടിപൊട്ടിച്ച് ചെയ്യേണ്ടിവരും. ബിറ്റിമിനസ് മെക്കാഡത്തിന്റെ ഭാഗമായി അടിയിലിട്ട് ഉറപ്പിച്ച മെറ്റിലുകൾ ഉൾപ്പെടെയുള്ളവ വെള്ളത്തിന്റെ ശക്തമായ തള്ളലിൽ പുറത്ത്ചാടി റോഡാകെ നിരന്നുകിടക്കുകയാണ്. ഇതോടെ ഇൗ ഭാഗത്ത് ഒറ്റവരി ഗതാഗമായി ചുരുങ്ങിയതോടൊപ്പം ഗതാഗതകുരുക്കും രൂക്ഷമായി. 2018 ഒക്ടോബർമാസത്തിൽ ആരംഭിക്കേണ്ടിയിരുന്ന റോഡ് നിർമ്മാണം വാട്ടർ അതോറിറ്റിയുടെ മെല്ലെപോക്ക് കാരണം ഉന്നതനിവലാരത്തിലുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായത് ഫെബ്രുവരി അവസാനത്തോടെയാണ്. ഇതിനെ തുടർന്ന് മൂന്ന് മാസംമുൻപാണ് റോഡ് നിർമ്മാണം തുടങ്ങിയത്. ഇതിനിടയിലും പുതിയതായി സ്ഥാപിച്ച പൈപ്പുലൈനുകളിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് പലഘട്ടങ്ങളിലായി നിർമ്മാണം തടസപ്പെട്ടു. ഇതിന് പുറമേ നിലവിൽ മൂന്നോളം ഭാഗത്ത് പൈപ്പിൽ വീണ്ടും ചോർച്ച കണ്ടെത്തിയിട്ടുണ്ട്.

---------------------------------------------

മൂന്ന് മാസത്തിലേറെയായി നീണ്ടുനിന്ന റോഡ് നിർമ്മാണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് യാത്രക്കാർക്ക് ദുരിതം വിതച്ച് കെ.പി റോഡ് വീണ്ടും തകർന്നത്. വെള്ളം ശക്തമായി പുറത്തേക്ക് തള്ളിയതിനാൽ ഇരുപത് മീറ്ററോളം ഭാഗത്തെ ടാറിംഗ് ഇളകി പൊങ്ങിയിട്ടുണ്ട്.

മുരുകേഷ് കുമാർ

(പി.ഡബ്ളിയു.ഡി അസി.എൻജിനീയർ)