കോന്നി : പ്രമാടം ഗ്രാമപഞ്ചായത്തിലെ പൂവക്കാട്ടിൽ വയൽ നികത്തൽ വ്യാപകമാകുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി രാപ്പകൽ വ്യത്യാസമില്ലാതെയാണ് ടിപ്പർ ലോറികളും ജെ.സി.ബിയും ഉപയോഗിച്ച് വയൽ നികത്തുന്നത്. ഒരുകാലത്ത് നെൽക്കൃഷിയുള്ള വയലുകളായിരുന്നു ഇത്. നാട്ടുകാർ എതിർപ്പുമായി രംഗത്ത് എത്തിയെങ്കിലും ചില രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പിൻമാറുകയായിരുന്നു. റവന്യൂ അധികൃതരുടെ ഒത്താശയോടെയാണ് ഇവിടെ വയൽ നികത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. വയലിനൊപ്പം ചെറുതോടുകളും ജലാശയങ്ങളും നികത്തുന്നത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. മണ്ണുമായി ടിപ്പറുകൾ പായുന്നത് അപകടങ്ങൾ ഉണ്ടാകുമെന്ന ആശങ്കയുണ്ട് പ്രദേശവാസികൾക്ക്. ഇവയിൽ ചിലതിന് വ്യാജ രജിസ്ട്രേഷൻ ഉള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. സമീപത്തെ നിരവധി വയലുകൾ ഇതിനോടകം നികത്തി നിലമാക്കി മാറ്റിക്കഴിഞ്ഞു. നാട്ടുകാർ വില്ലേജ് ഓഫീസിൽ നിരവധി പരാതികൾ നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ജനങ്ങളും ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുന്നതിനും അനധികൃത വയൽ നികത്തൽ തടയുന്നതിനും റവന്യൂ, പൊലീസ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.