തഴവ: റോഡ് പണിയിലെ മെല്ലെപ്പോക്കും കരാറുകാരന്റെ അനാസ്ഥയും മൂലം വവ്വാക്കാവ് പാവുമ്പ റോഡിൽ അപകടങ്ങൾ തുടർകഥയാകുന്നു. 4 കോടി രൂപ ചെലവിൽ 3 കിലോമീറ്ററോളമുള്ള റോഡാണ് പുനർനിർമ്മിക്കുന്നത്. റോഡിന്റെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ പുനർനിർമ്മിക്കുന്നതിനായി ടാറിന്റെ ഭാഗങ്ങൾ കുത്തിയിളക്കി റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് രണ്ടാഴ്ചയാകുന്നു. ഇതോടൊപ്പം നിർമ്മാണാവശ്യങ്ങൾക്കുള്ള മെറ്റൽ റോഡിൽ കൂനകൂട്ടി ഇട്ടിരിക്കുകയാണ്. ഗതാഗതം പൂണമായും നിയന്ത്രിച്ചിട്ടില്ലാത്തതിനാൽ എല്ലാ വാഹനങ്ങളും ഇപ്പോഴും ഇതുവഴിയാണ് കടന്നു പോകുന്നത്. രാത്രിയിൽ ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ മെറ്റൽക്കൂനകളിൽ ഇടിച്ച് അപകടത്തിൽപ്പെടുന്നത് പതിവ് സംഭവമാണ്. തഴവ മുൻ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളിക്കുട്ടൻ ഇതേ രീതിയിൽ അപകടത്തിൽപ്പെട്ടെങ്കിലും ഹെൽമറ്റ് ഉണ്ടായത് കൊണ്ട് മാത്രമാണ് രക്ഷപെട്ടത്. റോഡ്പണി എത്രയും പെട്ടെന്ന് തീർക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.