paravur
പരവൂർ നഗരസഭയുടെ സ്നേഹതീരം പകൽവീട്

പരവൂർ: ജീവിത സായന്തനത്തിൽ ഒറ്റപ്പെടുന്നവർക്ക് ആശ്രയമാകേണ്ട പരവൂർ നഗരസഭയുടെ 'സ്നേഹതീരം' പകൽ വീട് ഉദ്‌ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങുന്നില്ല. നിർമ്മാണം പൂർത്തിയായെങ്കിലും വീട്ടുസാധനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയാകാത്തതിനാൽ ആർക്കും ഉപയോഗമില്ലാതെ അടച്ചിട്ടിരിക്കുകയാണ് ഈ കെട്ടിടം.

 പദ്ധതി ആരംഭിച്ചിട്ട് പത്ത് വർഷം

10 വർഷം മുമ്പാണ് പദ്ധതിക്കായി കൂനയിൽ ആയിരവില്ലി റോഡിൽ നിന്നും അരകിലോ മീറ്റർ വടക്ക് ചാലിൽ റോഡിൽ ചിറയിൽ ക്ഷേത്രത്തിന് സമീപത്തായി 14 ലക്ഷം രൂപ ചെലവഴിച്ച് 28 സെന്റ് ഭൂമി നഗരസഭ വാങ്ങിയത്. തുടർന്ന് രണ്ട് ബെഡ് റൂമുകൾ, ഒരു വലിയ ഹാൾ, അടുക്കള, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി വിശ്രമമുറികൾ, ടോയ്ലെറ്റ്, കുടിവെള്ളത്തിനായി പമ്പ് സെറ്റ് എന്നിവയോട് കൂടി രണ്ടുനില കെട്ടിടവും നിർമ്മിച്ചു. ചുറ്റുമതിൽ, ഗേറ്റ്, കുഴൽകിണർ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ഉദ്ഘാടനത്തോടെ പ്രവർത്തന സജ്ജമാകുമെന്ന് കരുതിയ നാട്ടുകാർക്ക് മുന്നിൽ പകൽവീടിന്റെ വാതിലുകൾ അടയുന്നതാണ് പിന്നീടവർ കണ്ടത്.
പരവൂരിലും പരിസരത്തും ഒട്ടേറെ വയോധികർ പകൽ സമയത്ത് ഭക്ഷണം ലഭിക്കാതെ കഴിയുന്നുണ്ട്. മക്കളും ബന്ധുക്കളുമൊക്കെ വിദേശങ്ങളിലായതിനാൽ വീടുകളിൽ ഒറ്റപ്പെട്ടുപോയവരുൾപ്പെടെ നിരവധി പേരാണ് പകൽവീട് പ്രവർത്തന സജ്ജമാകുന്നതും കാത്തിരിക്കുന്നത്.

 അടിയന്തരമായി പ്രവർത്തനമാരംഭിക്കണം

വൃദ്ധജനങ്ങൾക്കായി നഗരസഭാ നിർമ്മാണം പൂർത്തിയാക്കിയ പകൽവീട് ഉടൻ പ്രവർത്തനമാരംഭിക്കണം. ഭക്ഷണവും പരിചരണവും ലഭിക്കാതെ വലയുന്ന വൃദ്ധജനങ്ങൾക്ക് നഗരസഭ ചെയ്യുന്ന പുണ്യമായിരിക്കും ഇത്.

കെ. ശശിധരൻ (സെക്രട്ടറി, പരവൂർ പെൻഷണേഴ്‌സ് അസോസിയേഷൻ)