cashew-nut-corporation

കൊല്ലം: ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ സർക്കാർ രൂപം നൽകിയ കാഷ്യു ബോർഡ് വഴി, കഴിഞ്ഞ ജനുവരിയിൽ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നിന്ന് ഇറക്കുമതി ചെയ്ത ഗുണനിലവാരമില്ലാത്ത 3086 ടൺ തോട്ടണ്ടി സംസ്കരിച്ചപ്പോൾ 17.60 കോടി രൂപയുടെ നഷ്ടം.

2017 മേയിൽ രൂപീകരിച്ച കാഷ്യു ബോർഡ് 2018 സെപ്തംബറിൽ നടത്തിയ ആദ്യ ഇടപാടിൽ വാങ്ങിയ 3100 ടൺ തോട്ടണ്ടി സംസ്കരിച്ചപ്പോൾ 3 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. അതുകൂടി ചേർത്താൽ ഇതുവരെയുണ്ടായ നഷ്ടം 20.60 കോടിയാണ്. 115 കോടിയുടെ ഇടപാടിലാണ് ഇത്രയും നഷ്ടം. ഘാനയിൽ നിന്ന് മൂന്ന് ടെൻഡറുകളിലായി ഇടപാടുറപ്പിച്ച 11000 ടൺ തോട്ടണ്ടി എത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഇടപാടിലെ നഷ്ടം അറിയാനിരിക്കുന്നതേയുള്ളു. 'ഔട്ട് ടേൺ' ഉയർത്തിക്കാട്ടി ടണ്ണിന് 1530 ഡോളർ നിരക്കിൽ തോട്ടണ്ടി വാങ്ങിയതാണ് ഭീമമായ നഷ്ടത്തിനിടയാക്കിയത്.

തോട്ടണ്ടി ഇടപാടിൽ വൻ ക്രമക്കേടും കോടികളുടെ നഷ്ടവും തുടർക്കഥയാവുകയും സി.ബി.ഐ അന്വേഷണം വരെ എത്തുകയും ചെയ്തതിനെ തുടർന്നാണ് കാഷ്യു ബോർഡ് രൂപീകരിച്ചത്.

എന്താണ് 'ഔട്ട് ടേൺ'?

തോട്ടണ്ടി സംസ്കരിച്ചു കഴിയുമ്പോൾ നിശ്ചിത തൂക്കം മേന്മയുള്ള പരിപ്പ് ലഭിക്കണം. അതിനായി തോട്ടണ്ടിയുടെ മേന്മയെ 'ഔട്ട് ടേൺ' എന്ന തോതിലാണ് കണക്കാക്കുന്നത്. അത് കുറഞ്ഞിരുന്നാൽ മേന്മയുള്ള പരിപ്പിന്റെ അളവും കുറയും. കോടികളുടെ നഷ്ടവും സംഭവിക്കും. കൂട്ടിയിട്ടിരിക്കുന്ന കശുഅണ്ടി ചികഞ്ഞ് ചിലതെടുത്ത് പിളർന്നു നോക്കിയാണ് 'ഔട്ട് ടേൺ' നിശ്ചയിക്കുന്നത്.

എന്തുകൊണ്ട് നഷ്ടം?

1.ഗ്രേഡ് കുറഞ്ഞ തോട്ടണ്ടിക്ക് ആനുപാതികമായ വില കൊടുത്താൽ നഷ്ടം സംഭവിക്കില്ല. ഇവിടെ ഗ്രേഡ് കുറഞ്ഞ തോട്ടണ്ടിക്ക് ഗ്രേഡ് കൂടിയതിന്റെ വില നൽകി വാങ്ങി.

2. ജനുവരിയിൽ വാങ്ങിയ 3086 ടൺ തോട്ടണ്ടിയുടെ ഔട്ട് ടേൺ 46 ആയിരുന്നു. 80 കിലോഗ്രാം തൂക്കമുള്ള ഒരു ചാക്ക് സംസ്കരിച്ചാൽ കിട്ടുന്നത് 13- 14 കിലോഗ്രാം പരിപ്പ് മാത്രം.

3. വാങ്ങിയ 3086 ടൺ തോട്ടണ്ടിയിൽനിന്ന് (38575 ചാക്ക്) കിട്ടിയ പരിപ്പിന്റെ വിലയായി ലഭിച്ചത് 23.60 കോടി രൂപ മാത്രം. ഇതിൽ തോട്, തൊലി, കുറഞ്ഞ ഗ്രേഡ് പരിപ്പ്, റിജക്ഷൻ ഗ്രേഡ് പരിപ്പ് എന്നിവയ്ക്കായി ലഭിച്ച 6 കോടിയോളം രൂപ കുറച്ചാൽ ശേഷിക്കുന്ന 17.60 കോടിയോളം രൂപയാണ് നഷ്ടമായി കണക്കാക്കുന്നത്.

എന്തുകൊണ്ട് വാങ്ങി?

ഫാക്ടറികൾ പ്രവർത്തിപ്പിക്കാൻ തോട്ടണ്ടി ലഭിക്കാത്ത സാഹചര്യത്തിൽ ഗുണനിലവാരമില്ലാത്ത തോട്ടണ്ടി വാങ്ങാൻ നിർബന്ധിതമായെന്നാണ് ബോർഡുമായി ബന്ധപ്പെട്ട ഉന്നതൻ പറഞ്ഞത്.