അഞ്ചാലുംമൂട്: അടിക്കടിയുള്ള ഗേറ്റടവ് മൂലം യാത്രാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അവസ്ഥയിലാണ് പെരുമൺ നിവാസികൾ. നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പെരുമൺ എൻജിനിയറിംഗ് കോളേജിന് സമീപമുള്ള റെയിൽവേ ഗേറ്റ് നിരന്തരം അടച്ചിടുന്നത് മൂലം അത്യാവശ്യ ഘട്ടങ്ങളിൽ പോലും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ.
ഗേറ്റ് അടച്ചിടുന്ന സമയം സ്കൂൾ കുട്ടികൾ ഉൾപ്പെടെ കാൽനടയാത്രക്കാർ റെയിൽവേ ലൈൻ മുറിച്ചു കടന്നാണ് പോകുന്നത്. റെയിൽവേ ലൈനിൽ ഈ ഭാഗത്ത് വളവ് ആയതിനാൽ ട്രെയിൻ കടന്നുവരുന്നത് അറിയാൻ കഴിയില്ലെന്നുള്ളത് അപകടസാധ്യത വർദ്ധിപ്പിക്കുകയാണ്. അതേസമയം അഞ്ചാലുംമൂട്ടിലേക്കുള്ള ബദൽ യാത്രാമാർഗം കൂടി ഉപയോഗയോഗ്യമല്ലാതായതോടെ ജനങ്ങളുടെ യാത്രാദുരിതം കൂടുതൽ വഷളായിരിക്കുകയാണ്.
റെയിൽവേ ഗേറ്റ് അടച്ചാൽ യാത്രക്കാർക്ക് ആശ്വാസമാകുന്നത് പെരുമൺ അരയാലുംമൂട്ടിൽ നിന്ന് 500 മീറ്റർ അകലെ കലുങ്ങിനടിയിൽ കൂടിയുള്ള റോഡാണ്. എന്നാൽ കലുങ്ങിന്റെ ഉയരക്കുറവ് മൂലം വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ സാധിക്കില്ല.
മാസങ്ങൾക്ക് മുമ്പ് പെരുമണിലെ തണൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊട്ടിപ്പൊളിഞ്ഞ് കിടന്ന കലുങ്ങിനടിവശം കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയിരുന്നു. പക്ഷേ അരയാലുംമൂട് ജംഗ്ഷനിൽ നിന്ന് കലുങ്ങിന് സമീപത്തേക്ക് പോകുന്ന വഴി ടാർ ചെയ്തിട്ടില്ലാത്തതിനാൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്.
റോഡ് ടാറിംഗ് നടത്തുന്നതിനായി പി.ഡബ്ളിയു.ഡി അധികൃതർ സ്ഥലത്ത് അളവെടുപ്പുകളും മറ്റും നടത്തിയിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കലുങ്ങിന് മറുവശത്തെ റോഡുമായി ബന്ധിപ്പിക്കുന്ന 35 മീറ്റർ സ്ഥലം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ ഭാഗം മണ്ണിട്ട് ഉപയോഗയോഗ്യമാക്കിയെങ്കിലും ടാറിംഗ് നടത്താനുള്ള നടപടിയായില്ല.
അടുത്തിടെ പെരുമൺ തണൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെയും പഞ്ചായത്ത് അധികൃതരെയും ഉൾപ്പെടുത്തി അരയാലുംമൂട് ജംഗ്ഷനിൽ വികസന സെമിനാർ സംഘടിപ്പിച്ചിരുന്നു. സെമിനാറിൽ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയർന്നു വന്ന പ്രധാന വിഷയം അരയാലുംമൂട്ടിൽ നിന്ന് ഗേറ്റ് കടക്കാതെ കടന്നു പോകുന്നതിനുള്ള റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നതായിരുന്നു. നാട്ടുകാരുടെ ആവശ്യം ഏകോപിപ്പിച്ച് തണൽ ഭാരവാഹികൾ പഞ്ചായത്തിന് ഉൾപ്പെടെ അപേക്ഷ നൽകിയെങ്കിലും പി.ഡബ്ളിയു.ഡിയുടെ ഭാഗത്തെ അനാസ്ഥയാണ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അത്യാവശ്യ സമയങ്ങളിൽ ആംബുലൻസിന് ഉൾപ്പെടെ റെയിൽവേ ഗേറ്റടവ് വിലങ്ങുതടിയാകാതെ പോകാൻ കഴിയുന്ന റോഡ് പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.