കൊല്ലം: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച 300 കിലോ മാമ്പഴം പിടിച്ചെടുത്തു. പള്ളിമുക്ക് ചന്തയ്ക്ക് എതിർവശത്തെ കടയിൽ നിന്നാണ് മാമ്പഴം പിടിച്ചെടുത്തത്. മാമ്പഴങ്ങൾക്കിടയിൽ ചെറുപൊതികളാക്കിയാണ് കാത്സ്യം കാർബൈഡ് വച്ചിരുന്നത്. കടയിലുണ്ടായിരുന്ന പത്തോളം പെട്ടികളിൽ കാത്സ്യം കാർബൈഡ് കണ്ടെത്തി. ഇവിടെ നിന്ന് പിടിച്ചെടുത്ത 30 കിലോ മാമ്പഴം സഹിതം നഗരസഭാ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. കടയുടെ ലൈസൻസ് റദ്ദാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം സെക്രട്ടറി വില്പനക്കാരന് പിഴ ചുമത്തും.
രഹസ്യവിവരത്തെ തുടർന്ന് നഗരസഭയുടെ വടക്കേവിള സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർ ജി. സാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജൻ, വിനോദ് ബാലകൃഷ്ണൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. വരുംദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
വരുന്നത് ഗുരുതര രോഗങ്ങൾ
കാത്സ്യം കാർബൈഡ് നാഡീ വ്യൂഹം, കരൾ, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനൊപ്പം ആമാശയ കാൻസറിനും ഇടയാക്കും. അമിത അളവിൽ ഉള്ളിൽ ചെന്നാൽ തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കും. ഒരു കിലോ കാത്സ്യം കാർബൈഡിന് നൂറ് രൂപയിൽ താഴെയാണ് വില. ഇത് ഉപയോഗിച്ച് 25 കിലോ മാങ്ങ വരെ പഴുപ്പിക്കാം. കാത്സ്യ കാർബൈഡ് അന്തരീക്ഷത്തിലെ ഈർപ്പവുമായി ചേരുമ്പോൾ ഉണ്ടാകുന്ന ചൂടുള്ള അസറ്റലിൻ എന്ന വാതകമാണ് മാമ്പഴത്തെ പഴുപ്പിക്കുന്നത്. വിളയാത്ത മാങ്ങയും മണിക്കൂറുകൾക്കുള്ളിൽ പഴുത്ത് നല്ല മഞ്ഞ നിറമാകും. കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം മുറിക്കുമ്പോൾ വ്യത്യസ്തമായ ഗന്ധം ഉണ്ടാകാറുണ്ട്.