കരുനാഗപ്പള്ളി: നൂറ്റാണ്ടുകൾ പഴക്കമുള്ള വള്ളിക്കാവ് - ടി.എസ് കനാൽ ഇടത്തോട് മാലിന്യ വിമുക്തമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. വള്ളിക്കാവ് മാർക്കറ്റിലെ മുഴുവൻ മാലിന്യങ്ങളും ഇടത്തോട്ടിൽ ആണ് പതിവായി നിക്ഷേപിക്കാറ്. വള്ളിക്കാവിനെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്നത് ഇടത്തോടാണ്. മഴ സീസണിൽ മാർക്കറ്റിലെയും പരിസര പ്രദേശങ്ങളിലെയും മഴവെള്ളം ഒഴുകി ഇടത്തോട് വഴിയാണ് ടി.എസ് കനാലിലെത്തുന്നത്. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ വ്യാപാര കേന്ദ്രമായ വള്ളിക്കാവിലേക്ക് മൂന്ന് പതിറ്രാണ്ടിന് മുമ്പ് വരെ ചരക്കുകൾ എത്തിച്ചിരുന്നത് ഇടത്തോട് വഴിയായിരുന്നു. കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് കേവ് വള്ളങ്ങളിൽ കൊണ്ട് വരുന്ന അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ ടി.എസ് കനാൽ വഴിയാണ് വള്ളിക്കാവിലെത്തിച്ചിരുന്നത്. റോഡ് ഗതാഗതം സജീവമായതോടെ ജലഗതാഗതത്തിന്റെ പ്രസക്തിയും ആവശ്യകതയും കുറയുകയും ഇടത്തോടിന്റെ കഷ്ടകാലം തുടങ്ങുകയും ചെയ്തു. ടൺ കണക്കിന് മാലിന്യമാണ് ഇന്ന് ഇടത്തോട്ടിൽ വലിച്ചെറിയപ്പെടുന്നത്. 20 മീറ്റർ വീതിയുണ്ടായിരുന്ന ഇടത്തോട് ശോഷിച്ച് 10 മീറ്ററിൽ താഴെ മാത്രമായിട്ടുണ്ട്. ഇടത്തോടിന്റെ വശങ്ങൾ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കാത്തതിനാൽ കൈയേറ്റവും വ്യാപകമാണ്. ഈ നില തുടർന്നാൽ ഏറെ താമസിക്കാതെ വള്ളിക്കാവ് ഇടത്തോട് കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാവും.
ഇടത്തോട് നിർമ്മിച്ചത് രാജഭരണ കാലത്ത്
വള്ളിക്കാവ് ജംഗ്ഷനിൽ നിന്ന് 500 മീറ്റർ ദൈർഘ്യം വരുന്ന ഇടത്തോട് നിർമ്മിച്ചത് രാജഭരണ കാലത്താണ്. രാജഭരണ കാലത്ത് തിരുവിതാംകൂർ രാജാക്കൻമാർ വടക്കോട്ട് പള്ളിയോടങ്ങളിൽ ജലയാത്ര നടത്തുമ്പോൾ വള്ളിക്കാവ് ജംഗ്ഷനിലെ രാജകീയ സത്രത്തിൽ വിശ്രമിച്ചിരുന്നു. അന്നത്തെ സത്രത്തിലാണ് ഇന്ന് വള്ളിക്കാവ് പി.എച്ച് സെന്റർ പ്രവർത്തിക്കുന്നത്. ടി.എസ് കനാലിൽ നിന്ന് പള്ളിയോടം സത്രത്തിലേക്ക് കടന്ന് വരാൻ വേണ്ടിയായിരുന്നു ഇടത്തോട് നിർമ്മിച്ചിരുന്നത്. ടി.എസ് കലാലിലെ ജനിരപ്പ് ഉയരുന്നതിന് ആനുപാതികമായി ഇടത്തോട്ടിലെയും ജലനിരപ്പ് ഉയരുമായിരുന്നു. രാത്രിയിൽ വള്ളങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഒരു ഇടമായും ഇടത്തോട് ഉപയോഗിച്ചിരുന്നു.
നിലവിൽ ഇടത്തോടിന്റെ സംരക്ഷണത്തിനായി തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ആഴം കൂട്ടുകയും വശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുകയും വേണം. ഇതിനാവശ്യമായ പദ്ധതികൾ ജനപ്രതിനിധികളും ത്രിതല പഞ്ചായത്ത് കമ്മിറ്റികളും സംയുക്തമായി ആവിഷ്ക്കരിക്കണം
പ്രദേശവാസികൾ