കുണ്ടറ: രാജ്യത്തെ വർഗീയവത്കരിക്കാൻ കേന്ദ്ര സർക്കാർ സൈന്യത്തെയും ഉപയോഗിക്കുകയാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. മേയ് ദിനാചരണത്തിന്റെ ഭാഗമായി ഇടത് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മുക്കടയിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പുരാണങ്ങളിലെ സങ്കൽപ്പ കഥാപാത്രങ്ങളെ യാഥാർത്ഥ്യവത്കരിക്കാൻ സേനയെ ഉപയോഗിക്കുന്ന കാഴ്ചയാണ് യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന പ്രചാരണത്തിലൂടെ കേന്ദ്രം നടപ്പിലാക്കുന്നത്. പട്ടാളത്തിൽ നിന്ന് വിരമിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥർ ബി.ജെ.പിയിൽ ചേക്കേറുന്ന അവസ്ഥയിലേക്ക് രാജ്യം മാറി. ഇന്ത്യൻ സൈന്യത്തിന്റെ നേട്ടങ്ങൾ വർഗീയവാദികൾ തങ്ങളുടെ നേട്ടങ്ങളുടെ പട്ടികയിൽ എഴുതിച്ചേർക്കുകയാണ്. തൊഴിലാളികളും ദളിതരും സ്ത്രീകളും സാംസ്കാരിക പ്രവർത്തകരും കൂടുതൽ ഭീഷണികൾ നേരിടുന്ന കാലഘട്ടമായി മോദി ഭരണം മാറിയെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ എ.ഐ.ടി.യു.സി നേതാവ് ടി. ജെറോം അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.എൽ. സജികുമാർ, സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂലിയറ്റ് നെൽസൺ, ഷേർളി സത്യദേവൻ, സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം എം.ഐ. ആന്റണി, ഏരിയാ പ്രസിഡന്റ് ബി. സുജീന്ദ്രൻ, എ.ഐ.ടി.യു.സി നേതാക്കളായ മനോജ്, മുരളീധരൻ, ശശി എന്നിവർ സംസാരിച്ചു. ആർ. സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
മേയ് ദിനാചരണത്തിന്റെ ഭാഗമായി ഇടത് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മുക്കടയിൽ നിന്ന് ആരംഭിച്ച പ്രകടനം ആശുപത്രി മുക്ക് ചുറ്റി മുക്കടയിൽ സമാപിച്ചു.