പുനലൂർ: വാഹനാപകടത്തിൽ മരിച്ച കേരളകൗമുദി കലയനാട് ഏജന്റും സി.പി.എം പുനലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന എ. പ്രകാശിന്റെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപം അനാച്ഛാദനവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഇന്നലെ രാവിലെ പ്ലാച്ചേരി ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സി.പി.എം പുനലൂർ ഏരിയാ സെക്രട്ടറി എസ്. ബിജു സ്മൃതി മണ്ഡപം അനാച്ഛാദനം ചെയ്തു. തുടർന്ന് പുഷ്പാർച്ചനയും നടത്തി. മുൻ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ, എം.എ. ലത്തീഫ്, എസ്. രാജേന്ദ്രൻ നായർ, ഡി. ദിനേശൻ, രാധാ ദിവാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് കലയനാട് ജംഗ്ഷനിൽ ചേർന്ന അനുസ്മരണ യോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ജോർജ് മാത്യൂ, പി.എ. എബ്രഹാം, എസ്. ബിജു, എം.എ. രാജഗോപാൽ, ഇ.കെ. റോസ്ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.