vayana
വായനാ കൂട്

പുതിയകാവ്: തൊഴിൽ ഇടവേളകളിലും വിശ്രമവേളകളിലും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കാൻ പുതിയ കാവിലെ ഓട്ടോ തൊഴിലാളികൾക്ക് അവസരമൊരുക്കിക്കൊണ്ട് വായനക്കൂട്ടം എന്ന പരിപാടിക്ക് ലോക തൊഴിലാളി ദിനത്തിൽ തുടക്കമായി. കെ.ആർ.ഡി.എയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'എന്റെ വായനശാല' ആണ് വായനക്കൂടെന്ന പുതിയ ആശയവുമായി മേയ്ദിനത്തിൽ രംഗത്തെത്തിയത്. പുതിയകാവ് ഓട്ടോ സ്റ്റാൻഡിലെ നൂറിലധികം ഓട്ടോ തൊഴിലാളികൾക്കും പൊതു ജനങ്ങൾക്കും വായിക്കാൻ കഴിയുന്ന തരത്തിൽ ഓട്ടോ സ്റ്റാൻഡിൽ തന്നെ പുസ്തകങ്ങൾ ലഭ്യമാക്കിയിരിക്കുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. പുതിയകാവ് അമൃത മെഡിക്കൽ സ്റ്റോറിൽ ഭിത്തിയിൽ സ്ഥാപിച്ചിട്ടുള്ള പൊതു വായനക്കൂട്ടിൽ നിന്നും പേര് രേഖപ്പെടുത്തിയ ശേഷം പുസ്തകമെടുത്ത് വായിക്കാം. എന്റെ വായനശാല പരിപാടിയുടെ പ്രസിഡന്റ് കെ.എം. അനിൽ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹൗസ് ഫെഡ് ചെയർമാൻ അഡ്വ. എം. ഇബ്രാഹിം കുട്ടി വായനക്കൂട് തൊഴിലാളികൾക്കായി തുറന്നുകൊടുത്തു. ആദ്യ പുസ്തകം ഓട്ടോ സ്റ്റാൻഡിലെ മുതിർന്ന ഓട്ടോ ഡ്രൈവർ ഗോപി ഏറ്റുവാങ്ങി. ചടങ്ങിൽ രഘു കെ. തഴവ, നിസാർ അയണുവേലിൽ, ബിനു ഭാസ്കർ, അൻവർ ഹുസൈൻ, ഫസൽ അഹമ്മദ്, രാധാകൃഷ്ണപിള്ള, വിദ്യാസാഗർ, പുതിയകാവ് ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളായ ഹരിലാൽ, റഹ്മത്തുള്ള നൗഷാദ്, ഗോപി, പ്രഭാകരൻ പിള്ള, ശിവരാജൻ, ശശീന്ദ്രൻ, ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.