കുന്നത്തൂർ: ശാസ്താംകോട്ട ടൗൺ വാർഡിൽ കോളേജിന് കിഴക്കുവശത്തുള്ള നൂറോളം കുടുംബങ്ങൾക്ക് ഒരാഴ്ചയായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. പൂർണമായും പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ് ദിനംപ്രതിയുള്ള ആവശ്യങ്ങൾക്കു പോലും വെള്ളമില്ലാതെ വലയുന്നത്. ശുദ്ധജല തടാകത്തീരത്താണ് കുടിവെള്ളത്തിനായി ജനങ്ങൾ പരക്കം പായുന്നത്. തടാക ഉപരിതലത്തിൽ നിന്നും ഈ പ്രദേശം ഏറെ ഉയരത്തിലായതിനാൽ കിണറുകളിൽ വെള്ളം ലഭിക്കാറില്ല. പൈപ്പുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താൻ വാട്ടർ അതോറിറ്റി അധികൃതർ തയ്യാറാകാത്തതാണ് കുടിവെള്ളം ലഭിക്കാത്തതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇതു സംബന്ധിച്ച് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും ഒരും നടപടിയും കൈക്കൊണ്ടിട്ടില്ല. പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് നടത്തി കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീർ, ബ്ലോക്ക് പഞ്ചായത്തംഗം അനില, ഗ്രാമ പഞ്ചായത്തംഗം ദിലീപ് കുമാർ, അബ്ദുൾ റഷീദ്, റിയാസ് എന്നിവർ നേതൃത്വം നൽകി. പൈപ്പ് ലൈനുകളിൽ കൂടി ജലമെത്തുന്നതു വരെ ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ച് പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.