അഞ്ചാലുംമ്മൂട്: സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരുമൺ വടക്കെടുത്ത് വീട്ടിൽ ജയചന്ദ്രന്റെ മകൻ ലിജേഷ്ചന്ദ്രനാണ് (22) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെരുമൺ ഇന്ദിരാ മന്ദിരത്തിൽ ജയകുമാറിന്റെ മകൻ ജയകൃഷ്ണനെ (22) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 7.30തോടെ നീണ്ടകര പരിമണത്തായിരുന്നു അപകടം.
ചങ്ങനാശ്ശേരിയിൽ സുഹൃത്തിന്റെ വീട്ടിൽ പോവുകയായിരുന്നു ഇരുവരും. കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കുന്നതിനിടെ എതിരേവന്ന ലോറി കണ്ട് ബ്രേക്ക് പിടിച്ചപ്പോൾ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ലിജേഷ് ചന്ദ്രൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുണ്ടറ പുനുക്കന്നൂർ ഉടയൻകാവ് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കാരിച്ചു. ലീനാകുമാരിയാണ് ലിജേഷിന്റെ മാതാവ്. സഹോദരി: ലിജിതാ ചന്ദ്രൻ.