photo
മാക്രിയില്ലാ കുളത്തിന്റെ കൽക്കെട്ടുകൾ ഇടിഞ്ഞ ഭാഗം

കൊല്ലം: ലക്ഷങ്ങൾ മുടക്കി സംരക്ഷണം നടത്തിയിട്ടും കല്ലുംതാഴം കണിച്ചുകുളങ്ങരയിലെ മാക്രിയില്ലാ കുളം നാശത്തിലേക്ക് കൂപ്പുകുത്തുന്നു. കൽക്കെട്ടുകൾ ഇടിഞ്ഞും പായലും പ്ളാസ്റ്റിക്കും കൊണ്ട് മൂടിയും കോർപ്പറേഷന്റെ കോളേജ് ഡിവിഷനിലുള്ള മാക്രിയില്ലാ കുളം തീർത്തും നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.

ജലക്ഷാമം രൂക്ഷമുള്ള പ്രദേശത്ത് വേനൽക്കാലത്ത് നാട്ടുകാർക്ക് വലിയ ആശ്വാസമായിരുന്നു ഈ കുളം. വർഷങ്ങൾക്ക് മുമ്പ് നാട്ടിലെ പ്രധാന നീന്തൽക്കുളവുമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മറിച്ചാണ്. കുളത്തിലെ തുള്ളി വെള്ളം പോലും ഉപയോഗിക്കാൻ കഴിയില്ല. കുളത്തിലേക്ക് ഇറങ്ങുന്ന കൽപ്പടവുകളും കൽക്കെട്ടും ഇടിഞ്ഞുതള്ളി. വേനൽക്കാലത്ത് ആശ്വാസമാകേണ്ട കുളം ഇപ്പോൾ നാട്ടുകാർക്ക് ഒരു ബുദ്ധിമുട്ടായി മാറുകയാണ്.

കുളത്തിന് സംരക്ഷണമില്ലാത്ത വിഷയം കഴിഞ്ഞ വർഷം മാർച്ച് 8ന് 'മാക്രിയില്ലാക്കുളത്തിന് മോക്ഷമില്ല' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് കുളത്തിലെ പായൽ നീക്കം ചെയ്ത് കുളത്തിൽ നിന്നുമുള്ള ഓട വൃത്തിയാക്കി സ്ളാബിടുകയും ചെയ്തു. തറനിരപ്പിൽ നിന്ന് ഉയർത്തി ഓട നിർമ്മിക്കുകയും അതേ നിരപ്പിൽ റോഡ് ടാറിംഗ് നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി റോഡിൽ ഒരു ഭാഗത്ത് വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്.

കുളത്തിന് ചുറ്റും സംരക്ഷണ ഭിത്തി കെട്ടാനും കമ്പിവേലി ഒരുക്കാനുമൊക്കെയായി ലക്ഷങ്ങളാണ് ചെലവാക്കിയത്. കരവെള്ളം ഇറങ്ങാത്ത വിധമാണ് സംരക്ഷണ പദ്ധതികൾ അന്ന് ഒരുക്കിയത്. എന്നാൽ നവീകരണത്തിന് പിന്നാലെ കുളത്തിന്റെ ഒരു ഭാഗം വീണ്ടും നാശത്തിലാവുകയായിരുന്നു. കുളത്തിലേക്ക് ഇറങ്ങാനുള്ള പടവുകൾ ഇടിഞ്ഞതാണ് ഏറ്റവും വലിയ പ്രശ്നം. തുണി അലക്കാനും മറ്റും ഉപയോഗിക്കുന്ന ഭാഗവും ഇടിഞ്ഞു. ചുറ്റിനും സംരക്ഷണ ഭിത്തി നിർമ്മിച്ചതിന്റെ ഒരു ഭാഗത്തെ പാറകൾ ഇളകി മാറിയിരിക്കുകയാണ്. ഒരിക്കലും വറ്റാത്ത കുളമെന്ന ഖ്യാതിയുണ്ടെങ്കിലും ഇപ്പോൾ ജലത്തിന്റെ അളവ് വളരെ കുറവാണ്. ഉള്ളത് ഉപയോഗിക്കാനും കഴിയുന്നില്ല.

 കുളം ഇറച്ച് ചെളി കോരണം

വേനൽക്കാലത്ത് ഉപയോഗിക്കാൻ കഴിയാത്ത വിധം മാക്രിയില്ലാ കുളത്തിലെ വെള്ളം നശിച്ചിരിക്കയാണ്. അടിയന്തിരമായി കുളം ഇറച്ച് ചെളി കോരി മാറ്റണം. പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യം ഇതിലേക്ക് നിക്ഷേപിക്കുന്നതിന് തടയിടണം. ഇടിഞ്ഞ കൽക്കെട്ടുകളും പടവുകളം അടിയന്തിരമായി പുനർ നിർമ്മിക്കണം. വേനൽക്കാലത്ത് നാടിന് ആശ്വാസമാകേണ്ട കുളത്തിന്റെ ദുരിതാവസ്ഥ മാറ്റണമെന്നാണ് പൊതു ആവശ്യം.

 മാക്രിയില്ലാ കുളം

പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തുള്ള കുളത്തിന് കണിച്ചുകുളം എന്നാണ് ശരിക്കുള്ള പേരെങ്കിലും തവളകൾ ഇല്ലാത്തതിനാലാണ് പ്രദേശവാസികൾ 'മാക്രിയില്ലാക്കുളം' എന്ന പേരിൽ വിളിക്കുന്നത്. കുളത്തിന്റെ പേരുവച്ചാണ് സ്ഥലത്തിന് കണിച്ചുകുളങ്ങര എന്ന പേര് വന്നത്. ഈ കുളത്തിൽ എന്തുകൊണ്ടാണ് തവളകൾ വളരാത്തതെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. പലരും തവളകളെ കുളത്തിൽ കൊണ്ടിട്ടുനോക്കിയെങ്കിലും അവ ചത്തുപൊങ്ങുകയോ കരയ്ക്ക് ചാടി രക്ഷപ്പെടുകയോ ചെയ്യാറാണ് പതിവ്.