photo
അശോക് ഗോപാലശ്ശേരിയും കുടുംബവും സേവ് ആലപ്പാട് നിരാഹാര സമരത്തിൽ

കൊല്ലം: സേവ് ആലപ്പാട് കാമ്പയിന്റെ ഭാഗമായി നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയേറുന്നു. മേയ് ദിനത്തിൽ നടന്ന സമരത്തിൽ ഒരു കുടുംബത്തിലുള്ള എല്ലാവരും നിരാഹാരമിരുന്നു. പ്രയാർ അഴീക്കൽ ഗോപാലശ്ശേരി ഹൗസിൽ അശോക് ഗോപാലശ്ശേരിയും ഭാര്യ സ്നേഹയും മകൻ അക്ഷയ് എസ്. വിജുവുമാണ് ആലപ്പാട് ഗ്രാമത്തിന്റെ അതിജീവന സമരത്തിൽ പങ്കാളികളായത്. നിരാഹാര സമരത്തിന്റെ 182ാം ദിനമായിരുന്നു. കാമ്പയിന്റെ ഭാഗമായ സമര പരിപാടികളിൽ പലപ്പോഴും ഇടപെട്ടിരുന്ന അശോക് നിരാഹാര സമരത്തിന്റെ കാര്യം അവതരിപ്പിച്ചപ്പോൾ ഭാര്യയും മകനും അതിനൊപ്പം ചേരുകയായിരുന്നു. ആലപ്പാട് സർവീസ് സഹകരണ ബാങ്കിന്റെ ബോർഡ് മെമ്പറും കോൺഗ്രസ് അഴീക്കൽ നാലാംവാർഡ് കമ്മിറ്റി പ്രസിഡന്റും ബഡാ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകനുമാണ് അശോക് ഗോപാലശ്ശേരി. എ.ഐ.സി.സി അംഗം സി.ആർ. മഹേഷ്, ബ്ളോക്ക് പഞ്ചായത്തംഗം വി. സാഗർ, ജീവൻ, ആർ. ബേബി, കമലം എന്നിവർ സമരപ്പന്തൽ സന്തർശിച്ചു.