ആലപ്പുഴ: കായംകുളം കൊച്ചുണ്ണിയുടെ നാട്ടിൽ സമാന്തര പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ അഞ്ചംഗസംഘം നേരത്തെയും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു. ഒരുവർഷം മുമ്പ് കോട്ടയത്താണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. പിടിക്കപ്പെട്ടതോടെയാണ് ജാമ്യത്തിലിറങ്ങി തട്ടകം കായംകുളത്തേക്ക് മാറ്റിയത്. മൂന്നുവർഷം മുമ്പ് സമാനമായ രീതിയിൽ ഹരിപ്പാട് മറ്റൊരു തട്ടിപ്പ് നടന്നിരുന്നു. കോട്ടയം പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നിൽ വീട്ടിൽ ഷൈമോൻ.പി.പോൾ, എറണാകുളം മുളവുകാട് പൊന്നാരി മംഗലത്ത് മുളവുകാട് പുളിത്തുറ വീട്ടിൽ മനു ഫ്രാൻസിസ്, ആലപ്പുഴ കലവൂർ മാരാരിക്കുളം തെക്ക് കുളവാക്കിൽ വീട്ടിൽ മനു, കോട്ടയം അയ്മനം ഒളശയിൽ ചെല്ലിത്തറ വീട്ടിൽ ബിജോയ് മാത്യു, പത്തനംതിട്ട പെരുമ്പെട്ടി കണ്ടത്തിങ്കൽ വീട്ടിൽ സോണി തോമസ് എന്നിവരെയാണ് ചേരാവള്ളിയിൽ നിന്ന് കഴിഞ്ഞ ദിവസം കായംകുളം സി.ഐ പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. താമരക്കുളം പേരങ്ങർ കാരായ്മ തിരുവാതിരയിൽ സഞ്ചുവിന്റെ പരാതിയിലാണ് സംഘം പിടിയിലായത്.
പൊലീസ് സേനയിലേക്ക് പി.എസ്.സി നടത്തുന്ന എഴുത്ത് പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പിന് ഇരകോർക്കുന്നത്. വിശ്വാസം നേടുന്നതിന് എ.ഡി.ജി.പി മുതൽ ഡ്രൈവർ തസ്തികയിൽവരെ നിയമനം നൽകാമെന്നാണ് പ്രചരിപ്പിച്ചിരുന്നത്. ഇത്തരത്തിൽ നിരവധി പേർക്കാണ് പണം നഷ്ടപ്പെട്ടത്. കായംകുളത്ത് വലവിരിച്ചപ്പോൾ ട്രാഫിക് ഗാർഡ് നിയമനവും കൂടി ഉൾപ്പെടുത്തി.
പൊലീസ് യൂണിഫോം അണിഞ്ഞാണ് സംഘം തട്ടിപ്പ് നടത്തിയത്.
നഗരങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊലീസിനെ സഹായിക്കാൻ ത്രിതല പഞ്ചായത്ത് ഭരണ സമിതികളാണ് ട്രാഫിക് ഗാർഡുമാരെ നിയമിക്കുക. ഇത്തരം നിയമനങ്ങൾക്ക് സർക്കാരും പൊലീസും തങ്ങൾക്ക് അനുമതി നൽകിയെന്ന് പ്രചരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.
10,000 രൂപാവരെ
രജിസ്ട്രേഷൻ ഫീസ്, യൂണിഫോം, സ്റ്റേഷനറി സാധനങ്ങൾ എന്നിവയ്ക്കായി 4,000 മുതൽ 10,000 രൂപാ വരെയാണ് സംഘം ആദ്യഘട്ടത്തിൽ ഒരാളിൽ നിന്ന് വാങ്ങുന്നത്. ഗാർഡ്, ഓഫീസ് സ്റ്റാഫ്, ഡ്രൈവർ എന്നിവയിലേതെങ്കിലുമൊന്ന് ഉറപ്പ് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ട്രാഫിക് ട്രെയിനിംഗ് പൊലീസ് ഫോഴ്‌സിന്റെ സെൻട്രൽ ഓഫീസ് തിരുവനന്തപുരത്താണ്. ഡിവിഷൻ ഓഫീസ് ഒന്നരമാസം മുമ്പ് കായംകുളം ചേരാവള്ളിയിൽ തുറന്നെന്നാണ് ഉദ്യോഗാർത്ഥികളെ സംഘം വിശ്വസിപ്പിച്ചിരുന്നത്. എറണാകുളത്ത് ട്രാഫിക് ഗാർഡായിരുന്ന ബിജോയ് മാത്യു, മനു എന്നിവർ ചേർന്നാണ് തട്ടിപ്പിന് രൂപം നൽകിയത്. മറ്റ് മൂന്നുപേരെകൂടി ഇരുവരും സംഘത്തിൽ കണ്ണിയാക്കി. തുടക്കം കോട്ടയത്തായിരുന്നു. 2018ൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ തട്ടിപ്പിൽ ഇതേ സംഘം അറസ്റ്റിലായി. ജ്യാമത്തിലിറങ്ങിയ പ്രതികൾ തട്ടിപ്പ് കേന്ദ്രം കായംകുളത്തേക്ക് മാറ്റി.
യൂണിഫോമിൽ
ഡിവൈ.എസ്.പി, സി.ഐ റാങ്കിലുള്ളവരുടെ യൂണിഫോം അണിഞ്ഞാണ് ഇവർ ഓഫീസിൽ ഇരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഒരുതരത്തിലും സംശയം തോന്നിപ്പിക്കാത്ത തരത്തിലാണ് ഓഫീസ് പ്രവർത്തനം. കായംകുളം ചേരാവള്ളിയിലെ ഇരുനില കെട്ടിടം വാടയ്‌ക്കെടുത്തശേഷം 'റിക്രൂട്ടിംഗ്' ആരംഭിക്കുകയായിരുന്നു.
താമരക്കുളം സ്വദേശിയിൽ നിന്ന് ഓഫീസ് സ്റ്റാഫ് നിയമനത്തിന് 5,000 രൂപ വാങ്ങി. മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകി. തുടർന്നാണ് സംഘം പിടിയിലായത്. സംഭവത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് സി.ഐ പി.കെ.സാബു പറഞ്ഞു.
കായംകുളത്ത് രണ്ടാം തവണ
കായംകുളത്ത് പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത് ഇത് രണ്ടാം തവണ. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയിലായിരുന്നു. ഒരു യുവതിയായിരുന്നു നേതൃത്വം കൊടുത്തത്. കഴിഞ്ഞ ദിവസം പിടിയിലായ സംഘത്തിലും ഒരു യുവതി ഉണ്ടായിരുന്നു. തൃക്കുന്നപ്പുഴ പാനൂർ കുറത്തറ വീട്ടിൽ ശരണ്യ (25), ഭർത്താവ് പ്രദീപ്, ഇവരുടെ കൂട്ടാളിയായ സിവിൽ പൊലീസ് ഓഫീസർ പ്രദീപ്, ശരണ്യയുടെ പിതാവ് സുരേന്ദ്രൻ, മാതാവ് അജിത, സുരേന്ദ്രന്റെ സഹോദരീ പുത്രൻ തോട്ടപ്പള്ളി ചാലേത്തോപ്പിൽ വീട്ടിൽ ശംഭു, ശരണ്യയുടെ മറ്റൊരു സഹായി തോട്ടപ്പള്ളി സ്വദേശിയായ ഹോട്ടൽ തൊഴിലാളി രാജേഷ് തുടങ്ങി നിരവധിപേരെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും കേസ് എങ്ങുമെത്തിയില്ല. പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് ശരണ്യയും സംഘവും ഒരാളിൽ നിന്ന് ഒന്ന് മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് വാങ്ങിയത്. കായംകുളം, കനകക്കുന്ന്, കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ, ഹരിപ്പാട്, അമ്പലപ്പുഴ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തു. 43 ലക്ഷം രൂപയുടെ തട്ടിപ്പാണ് അന്ന് പുറത്തുവന്നത്. ശരണ്യയുടെ പക്കൽ നിന്ന് ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും വ്യാജ രേഖ ചമച്ച കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു. ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ സർക്കാരിന്റെയും പൊലീസിന്റെയും മുദ്രയുള്ള വ്യാജ നിയമന ഉത്തരവുകൾ, ഉദ്യോഗാർത്ഥികളുടെ വ്യാജ ഫിസിക്കൽ വെരിഫിക്കേഷൻ റിപ്പോർട്ട്, മെഡിക്കൽ ഫിറ്റ്നസ് റിപ്പോർട്ടുകൾ എന്നിവയും ലഭിച്ചിരുന്നു. സിവിൽ പൊലീസ് ഓഫീസർ, വനിതാ സിവിൽ പൊലീസ് ഓഫീസർ, സ്റ്റോർ കീപ്പർ, ഡ്രൈവർ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.