നിർമ്മാണം സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയിലൂടെ
നിർമ്മാണ ചെലവ് 3.66 കോടി
കൊല്ലം: മൺറോതുരുത്ത് പി.എച്ച്.സിയുടെ വെള്ളപ്പൊക്കത്തിൽ മുങ്ങാത്ത പുത്തൻ കെട്ടിടമെന്ന സ്വപ്നം ഒരുവർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകും. പുതിയ കെട്ടിട നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികൾ നിർവഹണ ഏജൻസിയായ നിർമ്മിതി കേന്ദ്രം ആരംഭിച്ചു കഴിഞ്ഞു. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നാഷണൽ മിനറൽ ഡവലപ്മെന്റ് കോർപ്പറേഷനാണ് (എൻ.എം.ഡി.സി) നിർമ്മാണത്തിനാവശ്യമായ 3.66 കോടി രൂപ നൽകുന്നത്.
പ്രളയം വില്ലനായി
25 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം പ്രളയസമയത്ത് ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി നിന്നതോടെ ഏത് നിമിഷവും നിലംപൊത്തിയേക്കാവുന്ന അവസ്ഥയിലാകുകയായിരുന്നു. ഇതോടെ പി.എച്ച്.സിയുടെ പ്രവർത്തനം പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള വില്ലിമംഗലം പി.എച്ച്.സി സബ് സെന്ററിലേക്ക് മാറ്റി. പഴയ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താൻ ആലോചിച്ചെങ്കിലും ഫലവത്താകില്ലെന്നുറപ്പായതോടെ ഉപേക്ഷിച്ചു.
കല്ലടയാറിന്റെ തീരത്ത് നിന്ന് കഷ്ടിച്ച് നൂറ് മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ വേലിയേറ്ര സമയത്ത് തുടർച്ചയായി വെള്ളം നിറയുക പതിവായിരുന്നു. ഇതും കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമായി.
ചെറുപനി വന്നാലും അത്യാഹിതങ്ങളുണ്ടായാലും മൺറോതുരുത്തുകാർ ഓടിയെത്തുന്നത് ഇവിടേക്കായിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന മൺറോതുരുത്തിൽ വേണ്ടത്ര സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികളുമില്ല. നിലവിൽ വിദഗ്ദ്ധ ചികിത്സ കിട്ടണമെങ്കിൽ കിലോ മീറ്ററുകൾ താണ്ടേണ്ട അവസ്ഥയാണ് ഇവിടത്തുകാർക്ക്. ഇപ്പോൾ പ്രവർത്തിക്കുന്ന സബ് സെന്ററിൽ വേണ്ടത്ര സ്ഥലസൗകര്യവുമില്ല.
മൺറോതുരുത്തിന് അനുയോജ്യമായ നിർമ്മാണം
വേലിയേറ്റത്തിന്റെ ഭാഗമായി നിരന്തരമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. 40 മീറ്റർ താഴ്ചയിൽ പൈലിംഗ് നടത്തിയ ശേഷം അതിന് മുകളിൽ ഒരു മീറ്റർ ഉയരത്തിൽ പ്ലിന്ത് ബീം സ്ഥാപിക്കും. ഇതിന് മുകളിലാണ് രണ്ട് നിലകളിലായി 8166 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമ്മിക്കുന്നത്. ഒരുമാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കും.