പത്തനാപുരം : കുന്നിക്കോട് മേഖല കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ ശല്യം പതിവാകുന്നു. കുന്നിക്കോട് കുഞ്ചാനേത്ത് വീട്ടിൽ സെമീർ എന്ന കർഷകന്റെ നൂറ് ഏത്തവാഴകളാണ് കഴിഞ്ഞ രാത്രിയിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. രണ്ടരമാസം വളർച്ചയെത്തിയ വാഴകളായിരുന്നു അധികവും. 25 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കൃഷി ഉപജീവനമാക്കി കഴിഞ്ഞു വരുന്നതിനിടെയാണ് കർഷകന് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടാകുന്നത്. ചേമ്പ് , ചീനി എന്നിവയടക്കമുള്ള കാർഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്. കുന്നിക്കോട് പട്ടാഴി റോഡിൽ കാവൽപ്പുര കക്കാണിക്കൽ പാലത്തിന് സമീപത്തെ പുന്നലത്തിൻ ഏലായിലായിരുന്നു കൃഷി നടത്തി വന്നത്. കഴിഞ്ഞ പ്രകൃതിക്ഷോഭത്തിൽ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഈ കർഷകന് സംഭവിച്ചത്. അതിന് പിന്നാലെയാണ് വീണ്ടും ഇരുട്ടടിയായി സാമൂഹ്യവിരുദ്ധരുടെ ശല്യം. കുന്നിക്കോട് പൊലീസിൽ പരാതി നൽകിയതായി കർഷകൻ പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ പത്തോളം വാഹനങ്ങളാണ് ഇവിടെ അജ്ഞാത സംഘം കത്തിച്ചത്. ഒരു കേസിൽ പോലും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.