vyapari-vevasai
കുളത്തൂപ്പുഴ ജംഗ്ഷനില്‍ പൊതു ശൌചാലയം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടു കുളത്തൂപ്പുഴ വ്യാപാരി വ്യാവസായി ആകോപന സമിതി ഭാരവാഹികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമര്‍പ്പിക്കുന്നു.

കുളത്തൂപ്പുഴ: അപ്രതീക്ഷിതമായി കുളത്തൂപ്പുഴയെത്തുന്ന യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ പെട്ടതു തന്നെ. കുളത്തൂപ്പുഴയിൽ പൊതു ശൗചാലയം വേണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് മുന്നിൽ അധികൃത‌ർ കണ്ണടയ്ക്കുകയാണെന്നാണ് വ്യാപാരികളുടെ പരാതി. വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ കാര്യമാണ് ഏറെ കഷ്ടം. ദീർഘദൂര യാത്രക്കാരും ടൗണിൽ ബസിറങ്ങുന്നവരുമാണ് ശൗചാലയമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുന്നത്. സ്ത്രീകൾ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായി ടൗണിലെ വീടുകൾ അന്വേഷിച്ച് ഒാടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വർഷങ്ങൾക്ക് മുമ്പ് സ്കൂൾ കവലയിൽ സ്ഥാപിച്ചിരുന്ന പൊതു ടോയിലറ്റ് കാലപ്പഴക്കം മൂലം നശിച്ചതോടെയാണ് ഇവിടത്തുകാർക്ക് ശങ്ക മാറ്റാൻ ഇടമില്ലാതായത്. മാർക്കറ്റിലുണ്ടായിരുന്ന ടോയിലറ്റ് സംവിധാനം വൃത്തിഹീനമായി കിടക്കുന്നതിനാൽ ഇവിടെയെത്തുന്നവരും ദുരിതത്തിലാണ്.

കുളത്തൂപ്പുഴ ജംഗ്ഷനിലെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഇടമില്ലാത്തത് വലിയ പ്രശ്നമാണ്. പ്രശ്നപരിഹാരത്തിനു വേണ്ടി പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.

താഹ(കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി)

ജോർജ് വർഗീസ് പുളിന്തിട്ട (പ്രസിഡന്റ്)

കുളത്തൂപ്പുഴ ടൗണിൽ പ‌ഞ്ചായത്ത് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കടമുറി ഒഴുപ്പിച്ച് അവിടെ ടോയിലറ്റ് ബ്ലോക്ക് നിർമ്മിക്കാൻ പഞ്ചായത്ത് പദ്ധതി ഒരുക്കിയിട്ടുണ്ട്.

പി. ലൈലാബീവി (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് )

സെപ്റ്റിക് ടാങ്കില്ലാതെ ശൗചാലയ നിർമ്മാണം

കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്കുള്ളിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ശൗചാലയത്തിനായി സൗകര്യം ഒരുക്കിയെങ്കിലും വർഷങ്ങൾ കഴി‌ഞ്ഞിട്ടും ഇത് പൊതു ജനങ്ങൾക്കായി തുറന്ന് നൽകാൻ അധികൃതർക്ക് കഴി‌‌ഞ്ഞിട്ടില്ല. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയെങ്കിലും അശാസ്ത്രീയ മിർമ്മാണം മൂലം കക്കൂസ് മാലിന്യം ഒഴുക്കി വിടാൻ സംവിധാനം ഇല്ലാത്തതാണ് പ്രശ്നമായത്. നിർമ്മാണം കഴിഞ്ഞ് ഉദ്ഘാടനത്തിനായി അധികൃതർ എത്തിയപ്പോഴാണ് സെപ്റ്റിക് ടാങ്ക് നിർമ്മിച്ചിട്ടില്ലെന്നത് തിരിച്ചറിയുന്നത്. തുടർന്ന് ഇവയ്ക്കായി അനുമതി തേടിയെങ്കിലും പഞ്ചായത്ത് ഭൂമിയിലല്ലാത്തതിനാൽ ഡയറക്ട്രേറ്റിൻെറ അനുമതി ലഭിക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.