കൊല്ലം: മാൻ മിസിംഗ് കേസായി തെളിയാത്ത കുറ്റകൃത്യങ്ങളുടെ കൂട്ടത്തിൽ അകപ്പെട്ടേക്കാമായിരുന്ന യുവാവിന്റെ തിരോധാനം പൈശാചിക കൊലപാതകമാണെന്ന് തെളിയിച്ച് ചുരുങ്ങിയ നാളിനുള്ളിൽ വിചാരണ പൂർത്തിയാക്കിയതിലൂടെ കേരളത്തിലെ സേനയ്ക്കാകെ മാതൃകയാവുകയാണ് കൊല്ലം സിറ്റി പൊലീസ്.
എസ്.ഐ റാങ്കിലെ ഒരുദ്യോഗസ്ഥന്റെ ബുദ്ധി വൈഭവവും അർപ്പണ മനോഭാവവും ഒത്തുചേർന്നപ്പോൾ ചിലർ മുൻകൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമുള്ള സംഘടിത നുണകൾ ഒന്നൊന്നായി പൊളിഞ്ഞു. തമിഴ്‌നാട്ടിലെ ക്വാറി വേസ്‌റ്റുകൾക്കിടയിൽ കുഴിച്ചുമൂടിയ സത്യം പുറത്തുവന്ന് ഒമ്പത് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി. വിധി പറയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുകയാണ് പേരൂർ രഞ്ജിത്ത് ജോൺസൺ വധക്കേസ്. കിളികൊല്ലൂർ ക്രൈം എസ്.ഐ വി.അനിൽകുമാറിന്റെ നീക്കങ്ങൾക്ക് കൊല്ലം സിറ്റി പൊലീസ് ഒരുക്കിയ പിൻബലം മാതൃകാപരമാണ്. വിചാരണ നടപടികൾ കൊല്ലം അഡിഷണൽ സെഷൻസ് (നാല്) കോടതിയിൽ പൂർത്തിയായി. സാക്ഷി വിസ്താരം ആരംഭിച്ച് മൂന്നുമാസം തികയുന്ന മേയ് 13ന് വിധി പറയും.
സാധാരണപോലുള്ള ഒരു മാൻ മിസിംഗ് കേസിൽ കാണാതായ രഞ്ജിത്ത് ജോൺസന്റെ ചില സുഹൃത്തുക്കളെ വിളിച്ച് സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് എസ്.ഐ അനിൽ കുമാർ വിവരങ്ങൾ ആരാഞ്ഞത്. കൊലപാത കേസുകളിൽ മൃതദേഹം കണ്ടെത്താനായില്ലെങ്കിൽ ഒരിക്കലും കേസിൽ പ്രതിയാകില്ലെന്ന ക്രിമിനൽ ബുദ്ധി മനസിൽ ഉറപ്പിച്ചായിരുന്നു സുഹൃത്തുക്കളുടെ പ്രതികരണം. അടുത്തിടെ മലയാളത്തിൽ ഹിറ്റായ ഒരു സിനിമ ഈ വിഷയത്തിൽ പ്രതികൾക്ക് പ്രചോദനമായി. നേരിയ സംശയ നിഴലിൽ കഴിയുന്നവരുടെ രോമത്തിൽ പോലും സ്‌പർശിക്കാതെയായിരുന്നു എസ്.ഐ അനിൽ കുമാറിന്റെ നീക്കങ്ങൾ. മൃതദേഹത്തിന്റെ മുടിപോലും പുറംലോകം കാണില്ലെന്ന് തീർച്ചപ്പെടുത്തിയ കേസിൽ തമിഴ്‌നാട്ടിലെ ക്വാറി അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് രഞ്ജിത്ത് ജോൺസന്റെ മൃതദേഹം പുറത്തെടുത്തു.
എ.സി.പി എ.പ്രതീപ് കുമാറിന്റെ വാക്കുകൾ..
സംഭവം നടക്കുമ്പോൾ കൊല്ലം സിറ്റി എ.സി.പിയായിരുന്നു പ്രതീപ് കുമാർ. ഇപ്പോൾ തിരുവനന്തപുരം കന്റോൺമെന്റ് എ.സി.പി. കൊല്ലം സിറ്റി പൊലീസ് ഒന്നാകെ അന്ന് എസ്.ഐ അനിൽ കുമാറിന്റെ യുക്തിഭദ്രമായ നീക്കങ്ങൾക്ക് പിൻബലമേകി. ശരിയായ ദിശയിൽ നീങ്ങിയ അന്വേഷണത്തിൽ ഇടപെടാനോ നിരുത്സാഹപ്പെടുത്താനോ ഒരു ഘട്ടത്തിലും ശ്രമിക്കാതെ പ്രേത്സാഹനവും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിനൽകി. എസ്.ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ എങ്ങനെ ഉന്നത ഉദ്യാഗസ്ഥർക്ക് ശാക്തീകരിക്കാൻ കഴിയുമെന്ന പരീക്ഷണം കൂടിയായിരുന്നു രഞ്ജിത്ത് ജോൺസൺ കേസിൽ നടന്നത്. ഗുണ്ടകളെ എങ്ങനെ നിയമം ഉപയോഗിച്ച് അമർച്ച ചെയ്യാമെന്നും തെളിയിക്കപ്പെട്ടു. പ്രോസിക്യൂഷൻ സാക്ഷികളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതിന് പ്രതികളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെയുള്ളവർക്കെതിരെ മൂന്ന് കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ഇതോടെ സാക്ഷികൾ നിർഭയരായി. അന്വേഷണ ഉദ്യോഗസ്ഥനായ വി.അനിൽകുമാറിനെ കേസിന്റെ വിധിവരും വരെ സ്ഥലംമാറ്റാതെ പ്രോസിക്യൂഷന് ഒപ്പം നിൽക്കാൻ അവസരമൊരുക്കി. തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയ്‌ക്ക് പുറത്ത് പോകേണ്ടിയിരുന്ന വി.അനിൽകുമാറിനെ ഇലക്ഷൻ കമ്മിഷന്റെ പ്രത്യേക അനുമതിയോടെ കൊല്ലം ജില്ലയിൽതന്നെ നിലനിറുത്തി. ആദ്യ അറസ്‌റ്ര് നടന്ന് 82 ദിവസം തികഞ്ഞപ്പോൾതന്നെ കുറ്റപത്രം സമർപ്പിക്കുകവഴി കേസിലെ എട്ട് പ്രതികൾക്കും ജാമ്യം ലഭിക്കുന്നത് തടയാനും പൊലീസിനായി.
കേസ്, പ്രതികൾ
കൊറ്റങ്കര പേരൂർ തട്ടാർകോണം അയ്യർമുക്ക് പ്രോമിസ്ഡ് ലാന്റിൽ രഞ്ജിത്ത് ജോൺസണെ (രഞ്ജു-40) തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി നാഗർകോവിലിൽ കുഴിച്ചുമൂടിയെന്നാണ് കേസ്. പ്രതികളിൽ ഒരാളുടെ ഭാര്യയെ സുഹൃത്തായിരുന്ന രഞ്ജിത്ത് തട്ടിക്കൊണ്ടു പോയി ഒപ്പം പാർപ്പിച്ചു എന്നാരോപിച്ചായിരുന്നു കൊല. ഇരവിപുരം സ്വദേശി മനോജ് (പാമ്പ് മനോജ് -40), നെടുങ്ങോലം സ്വദേശി രഞ്ജിത്ത് (കാട്ടുണ്ണി-40), പൂതക്കുളം പാണാട്ടുചിറയിൽ ഉണ്ണി (കൈതപ്പുഴ ഉണ്ണി-39), വെറ്റിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന ഡീസന്റ്മുക്ക് കോണത്തുകാവിനു സമീപം പ്രണവ് (കുക്കു-25), ഡീസന്റ്മുക്ക് സ്വദേശി വിഷ്ണു (21), കിളികൊല്ലൂർ പവിത്രം നഗറിൽ വിനേഷ് (38), വെറ്റിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന വടക്കേവിള സ്വദേശി റിയാസ് (30), കിളികൊല്ലൂർ നക്ഷത്ര നഗർ പറങ്കിമാംവിളയിൽ അജിംഷ (ബാബുജി 37) എന്നിവരാണു പ്രതികൾ. അജിംഷായ്ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടികൾ പൂർത്തിയായതോടെ മറ്റു പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് മാറ്റി.