പുനലൂർ: കടുത്ത വരൾച്ച മൂലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പുനലൂരിലും സമീപ പ്രദേശങ്ങളിലും മൂന്ന് വേനൽ മഴ പെയ്തെങ്കിലും തുടർന്ന് മഴ ലഭിക്കാതെ വന്നതോടെയാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും അരുവികളും വറ്റി വരണ്ടതോടെ മലയോര നിവാസികൾ ബുദ്ധിമുട്ടിലാണ്. പുനലൂർ നഗരസഭാ പ്രദേശങ്ങൾക്ക് പുറമേ കരവാളൂർ, തെന്മല, ആര്യങ്കാവ്, പിറവന്തൂർ, വിളക്കുടി തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ് വലിയ രീതിയിൽ കുടിവെള്ള ക്ഷാമം നേരിടുന്നത്. നഗരസഭയും, പഞ്ചായത്തുകളും വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും വാട്ടർ അതോറിറ്റി അവസരോചിതമായി പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നഗരസഭയിലെ നെല്ലിപ്പള്ളി, കല്ലാർ, കാഞ്ഞിരമല, കോമളംകുന്ന്, ഗ്രേസിംഗ് ബ്ലോക്ക്, പ്ലാച്ചേരി, അഷ്ടമംഗലം, മുസാവരി, ആരംപുന്ന തുടങ്ങിയ പ്രദേശങ്ങൾക്ക് പുറമേ തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ, വെള്ളച്ചാൽ, അണ്ടൂർപച്ച, നേതാജി, പള്ളിമുക്ക്, തണ്ണിവളവ്, തേവർകുന്ന്, വെള്ളിമല തുടങ്ങിയ നിരവധി പ്രദേശങ്ങളിലാണ് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നത്. തെന്മല പരപ്പാർ അണക്കെട്ടിൽ ശേഖരിച്ചിരുന്ന വെള്ളം ഒറ്റക്കൽ തടയണ വഴി ഇടത് - വലത്കര കനാലുകളിലൂടെ വേനൽക്കാല കൃഷികൾക്കും മറ്റും ഒഴുക്കുന്നത് സമീപ വാസികൾക്ക് ആശ്വാസമാണ്. എന്നാൽ വേനൽ മഴയുടെ തോത് കുറഞ്ഞതോടെ അണക്കെട്ട് പ്രദേശങ്ങളിലെയും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിട്ടുണ്ട്. ഇത് വേനൽക്കാല ജലവിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.
ചെറുതോടുകളെല്ലാം വറ്റി
വേനൽ കടുത്തതോടെ തെന്മല പരപ്പാർ അണക്കെട്ടിന്റെ പോഷക നദികളായ കഴുതുരുട്ടി, ശെന്തുരുണി, കുളത്തൂപ്പുഴ എന്നിവയ്ക്ക് പുറമേ ചെറുതോടുകളെല്ലാം വരണ്ട് ഉണങ്ങിയിരിക്കുകയാണ്. ഇതാണ് ഗ്രാമ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന്റെ മുഖ്യകാരണം. മുൻ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ നല്ല വേനൽ മഴ ലഭിച്ചിരുന്നു. ഇത്തവണ പുനലൂരിലും സമീപ പ്രദേശങ്ങളിലും മൂന്ന് തവണ മാത്രമാണ് വേനൽമഴ ലഭിച്ചത്.