കരുനാഗപ്പള്ളി: ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ 95-ാം മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി പന്മന ആശ്രമത്തിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു. പന്മന ഒാഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചവറ കുടുംബ കോടതി ജഡ്ജി വി.എസ്. ബിന്ദുകുമാരി ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ അമ്മയായി കാണണമെന്ന ചട്ടമ്പി സ്വാമിയുടെ ദർശനം പൊതു സമൂഹം ഏറ്റെടുത്താൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് ജഡ്ജി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ മാത്രമേ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയുകയുള്ളുവെന്നും വി.എസ്. ബിന്ദുകുമാരി വ്യക്തമാക്കി. സമ്മേളനത്തിൽ പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ.ആർ. റീന, പ്രൊഫ. ടി.എൽ. ഗിരിജ, ഡോ. കെ.പി. വിജയലക്ഷ്മി, സേതു ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. സാമൂഹ്യ ക്ഷേമവകുപ്പിന്റെ അവാർഡിന് അർഹയായ ജെ. രത്നമ്മയെ ചടങ്ങിൽ വെച്ച് കുടുംബ കോടതി ജഡ്ജി വി.എസ്. ബിന്ദുകുമാരി പൊന്നാട അണിയിച്ച് ആദരിച്ചു.