al
വാഗ്‌ദാനങ്ങൾ നല്കി ജനങ്ങളെ വഞ്ചിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി: ചിറ്റയം ഗോപകുമാർ എം.എൽ.എ

പുത്തൂർ: തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ മാത്രം നല്കി ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ വഞ്ചിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗവും എ.ഐ.വൈ.എഫ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. ബൈജു മലയിലിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉയർന്നു വരുന്ന വർഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെയുള്ള സമരങ്ങൾക്ക് അഡ്വ. ബൈജുവിനെ പോലെയുള്ള ധീരരായ വിപ്ളവകാരികളുടെ ഓർമ്മകൾ പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ പവിത്രേശ്വരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം കമ്മിറ്റിയംഗം വി. സത്യകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം എസ്.ആർ. ഗോപകുമാർ, മണ്ഡലം സെക്രട്ടേറിയറ്റംഗം ജി. പ്രദീപ്, അഡ്വ. സി.ജി. ഗോപു കൃഷ്ണൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി മാറനാട് ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എൻ. അശോകൻ, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയംഗം വിഷ്ണു മലയിൽ, ജി. രാജൻ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന പുഷ്പാർച്ചനയിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം ആർ.എസ്. അനിൽ പതാക ഉയർത്തി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ, ജില്ലാ പഞ്ചായത്തംഗം സി.പി. പ്രദീപ്, ജഗത് ജീവൻലാലി, ജി. പ്രദീപ്, ടി. സുനിൽ കുമാർ, മാറനാട് ശ്രീകുമാർ, അജയൻ, വി. സത്യകുമാർ, എൻ. അശോകൻ, ഷൈജു പുത്തൂർ, വിശ്വമോഹൻ എന്നിവർ പങ്കെടുത്തു.