pathanapuram
പൂമരുതികുഴിയിൽ കാട്ടാന നശിപ്പിച്ച കൈതകൾ

പത്തനാപുരം: കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നത് മലയോര നിവാസികളെ വലയ്ക്കുന്നു. പാടം, വെള്ളംതെറ്റി, പൂമരുതി കുഴി, കുളത്തുമൺ മേഖലകളിലാണ് വ്യാപകമായി കാട്ടാന ശല്യമുള്ളത്. കൈതച്ചെടികൾ തിന്നാനാണ് ആനകൾ എത്തുന്നത്. അഞ്ച് കാട്ടാനകളുടെ കൂട്ടമാണ് ജനവാസാ മേഖലയിൽ സ്ഥിരമായി വരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. മൂവാറ്റുപുഴ സ്വദേശികളായ കർഷകർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കൈതച്ചെടികൾ ഭൂരിഭാഗവും കാട്ടാനകൾ നശിപ്പിച്ച നിലയിലാണ്. ഏകദേശം ആയിരക്കണക്കിന് കൈതച്ചെടികൾ കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു. കൃഷി സ്ഥലത്തെത്തുന്ന കാട്ടാനകളെ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും കർഷകർ ഓടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവയുടെ വരവ് തടയാനാകുന്നില്ല. കാട്ടാനകൾ റബർ മരങ്ങളും മറ്റ് കാർഷിക വിളകളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്.