althaf-14

കുന്നത്തൂർ: കൊല്ലം-തേനി ദേശീയപാതയിൽ ആനയടി പാലത്തിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. അടൂർ ആദിക്കാട്ടുകുളങ്ങര പ്ലാവിള തെക്കതിൽ (വെച്ചുവാണിയം) വീട്ടിൽ അനീഷിന്റെയും സുനിതയുടെയും മകൻ അൽത്താഫ് (14) ആണ് മരിച്ചത്. നൂറനാട് സി.ബി.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.

ചാരൂമൂട് ഭാഗത്ത് നിന്ന് ചക്കുവള്ളിയിലേക്ക് വരികയായിരുന്ന അൽത്താഫും സുഹൃത്തും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു വീണ അൽത്താഫിനെ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഫാത്തിമയാണ് അൽത്താഫിന്റെ സഹോദരി. ശൂരനാട് പൊലീസ് കേസെടുത്തു.