കൊല്ലം: ടെൻഡർ വ്യവസ്ഥകൾ പാലിച്ച് സുതാര്യമായും ഭരണസമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലുമാണ് കാഷ്യു ബോർഡ് തോട്ടണ്ടി വാങ്ങിയതെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി. മാരപാണ്ഡ്യൻ പ്രസ്താവനയിൽ അറിയിച്ചു. തോട്ടണ്ടി വില സ്ഥിരമായി നിയന്ത്റിക്കാനും പിടിച്ചുനിറുത്താനും കാഷ്യുബോർഡിന്റെ ഇടപെടൽമൂലം സാധിച്ചിട്ടുണ്ട്.
ഗിനിബസാവോ, മൊസാംബിക്, ഘാന എന്നിവിടങ്ങളിൽ നിന്നാണ് തോട്ടണ്ടി ഇറക്കുമതി ചെയ്തിട്ടുള്ളത്. ഈ തോട്ടണ്ടി ചെറിയ മാർജിനിൽ കശുഅണ്ടി വികസന കോർപറേഷനും കാപ്പക്സിനും സംസ്‌കരണത്തിനായി നൽകി വരികയാണ്. ഇവർ വാങ്ങിയതിൽ നിന്ന് വളരെ വിലക്കുറച്ചാണ് കാഷ്യു ബോർഡ് തോട്ടണ്ടി ഇറക്കുമതി ചെയ്തിട്ടുള്ളത്. അതിനാൽ നഷ്ടമുണ്ടായെന്ന ആരോപണം ശരിയല്ല. തോട്ടണ്ടി നേരിട്ട് വാങ്ങി സംസ്കരിച്ചിരുന്ന മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ളതിനെക്കാൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം വലിയതോതിൽ കുറച്ചുകൊണ്ടു വരാൻ ബോർഡിന്റെ ഇടപെടൽമൂലം സാധിച്ചു.
തോട്ടണ്ടിക്ക് ആർ.ബി.എസ് എന്ന സ്ഥാപനത്തിന്റെ കട്ടിംഗ് ടെസ്റ്റിനുശേഷം മാത്രമാണ് ഫൈനൽ ബില്ല് നൽകുന്നത്. പല വമ്പൻ മുതലാളിമാരും പരിപ്പ് ഇറക്കുമതി ചെയ്ത് ഈ വ്യവസായത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ, വ്യവസായത്തെയും തൊഴിലാളികളെയും തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.